ബെംഗളൂരുവിൽ തൂണ് ദേഹത്ത് വീണ് 15കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബഹുനില കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂണ് വീണ് 15കാരിക്ക് ദാരുണാന്ത്യം.തേജസ്വിനി റാവു എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിലെ വിവി പുരത്ത് നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകളാണ് 15കാരിയുടെ ദേഹത്തേക്ക് വീണത്.
നാഷണൽ കോളേജ് മെട്രോ സ്റ്റേഷന് സമീപത്തുള്ള നാഷണൽ ഹൈ സ്കൂൾ റോഡിലേക്കാണ് കെട്ടിടത്തിന് സമീപത്ത് നിർമ്മാണ അവശ്യത്തിനായി സ്ഥാപിച്ച തൂണ് തകർന്ന് വീണത്. വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയിൽ പെടുകയായിരുന്നു.
തേജസ്വിനിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ തേജസ്വിനിയുടെ പിതാവ് സുധാകർ റാവുവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധമൂലമുണ്ടായ മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.