സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം; യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബം തല്ലിക്കൊന്നു
കഴിഞ്ഞ ആറുമാസമായി ഖോല്‍ഗഡ് സ്വദേശിയായ പെണ്‍കുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്‌നഗർ ബ്ലോക്കിലാണ് ക്രൂരമായ ജാതിക്കൊല അരങ്ങേറിയത്.
ദേവല്‍ ഗ്രാമവാസിയായ കേതൻ ലാല്‍ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ദിവാകർ ഡിംരിയെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖോല്‍ഗഡ് ഗ്രാമത്തിലെ പെണ്‍കുട്ടിക്കും കേതൻ ലാലിനും ഇടയിലെ സൗഹൃദത്തില്‍ പ്രകോപിതമായാണ് ആസൂത്രിത കൃത്യം.
ഞായറാഴ്ച രാത്രി ഖോല്‍ഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കേതന്റെ പിതാവ് ധൻപാല്‍ ലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ആറുമാസമായി ഖോല്‍ഗഡ് സ്വദേശിയായ പെണ്‍കുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയെ കൊണ്ട് കേതനെ ഫോണില്‍ വിളിപ്പിച്ചു. തുടര്‍ന്ന് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തായ ദിവാകർ ഡിംരിക്കൊപ്പമാണ് കേതൻ ഖോല്‍ഗഡില്‍ എത്തിയത്.
ഇരുവരും സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇവരെ ഒരു മുറിയില്‍ പൂട്ടിയിടുകയും വടികള്‍ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് കേതന്റെ പിതാവായ ധൻപാല്‍ ലാലിനെ ഫോണില്‍ വിളിച്ച് മകനെ കുറിച്ച് അറിയിക്കുകയും തിരികെ എടുത്ത് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ധൻപാല്‍ ലാല്‍ സ്ഥലത്തെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന കേതനെ ഉടൻ തന്നെ ചൗന്ദ് ലാംബ്‌ഗാവിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും പ്രതികള്‍ക്കെതിരെ ഉടനടി നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം വിസമ്മതിച്ചു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ (SC/ST Act) സെക്ഷൻ 3(2)(v) പ്രകാരവും കേസെടുത്തതായി തെഹ്‌രി ഗർവാള്‍ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (SSP) ശ്വേത ചൗബേ അറിയിച്ചു.
.jpg)

