മഹാരാഷ്ട്രയിൽ പ്രസവവാർഡിൽ കടന്ന് കുഞ്ഞിനെ മോഷ്ടിച്ച എം.ബി.എ ബിരുദധാരിണി അറസ്റ്റിൽ

newborn baby
newborn baby

മുംബൈ: മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാർഡിൽ കടന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി അറസ്റ്റിൽ. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) താൻ ഗർഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മോഷ്ടിക്കാൻ ശ്രമിച്ചത്.

പ്രസവ തീയതി അടുത്തതായി പറഞ്ഞ് ഇവർ നാസികിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാസികിലെത്തിയ യുവതി സിവിൽ ആശുപത്രിയിലെ പ്രസവ വാർഡിലെ രണ്ട് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു. അവരിൽ ഒരാളായ സുമൻ അബ്ദുൽ ഖാൻ എന്ന യുവതി 2024 ഡിസംബർ 29ന് കുഞ്ഞിന് ജന്മം നൽകി.

ശനിയാഴ്ച ഡിസ്ചാർജ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ പ്രതി കുഞ്ഞിനെ എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിന്റെ മാതാപിതാക്കൾ ആശുപത്രി അധികൃതരെയും സർക്കാർവാഡ പൊലീസിനെയും വിവരം അറിയിച്ചു. കൈക്കുഞ്ഞുമായി സപ്ന മറാത്തെ ആശുപത്രി വിടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.

തുടർന്ന് പഞ്ചവടി ക്രൈംബ്രാഞ്ച് യൂണിറ്റിന് യുവതിയെകുറിച്ച് വിവരം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം) പ്രശാന്ത് ബച്ചാവ് പറഞ്ഞു. യുവതിയുടെ ഭർത്താവിന് പദ്ധതികളെ കുറിച്ച് അറിയുമായിരുന്നി​ല്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്. സപ്ന മറാത്തേ, ഭർത്താവ്, അച്ഛൻ, സഹോദരൻ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags