പ്രവാചക നിന്ദ : നുപൂർ ശർമയെ പിന്തുണച്ച 22കാരൻ അറസ്‌റ്റിൽ
Nupur Sharma

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയിൽ പ്രവാചകനിന്ദാ പരാമർശത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്‌റ്റിട്ട 22കാരൻ അറസ്‌റ്റിൽ. മുകേഷ് ചവാൻ എന്നയാളെയാണ് പോലീസ് അറസ്‌റ്റിലായത്‌. നൂപുർ ശർമയെ പിന്തുണച്ചുകൊണ്ടുള്ള യുവാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്‌ ശ്രദ്ധയിൽ പെട്ട ഒരാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനോട് പോസ്‌റ്റ്‌ നീക്കം ചെയ്യാൻ പോലീസ് നിർദ്ദേശം നൽകി.

പരാതിയുടെ അടിസ്‌ഥാനത്തിൽ, പോലീസ് ചവാനെതിരെ ഐപിസി 153 പ്രകാരം കേസെടുത്തു. പോസ്‌റ്റ്‌ സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ വക്‌താവ്‌ നുപൂർ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പാര്‍ട്ടിയുടെ ഡെൽഹി മാദ്ധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. നുപൂർ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് ബിജെപിയുടെ നടപടി.

ഇതിനിടെ നൂപുര്‍ ശര്‍മയ്‌ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തി. വിവാദ പ്രസ്‌താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഒരു സ്‌ത്രീയ്‌ക്ക് രാജ്യത്ത് നിന്നും നേരിടുന്ന വധഭീഷണികള്‍ക്കിടയില്‍ മതേതര ലിബറലുകളുടെ മൗനം കാതടിപ്പിക്കുന്നതാണ് എന്നായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Share this story