അണ്ണാ യൂണിവേഴ്സിറ്റി ലൈംഗികാതിക്രമകേസ് രാഷ്ട്രീയവൽക്കരിക്കുന്നു : മദ്രാസ് ഹൈക്കോടതി
ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈയിൽ പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചതിനെക്കുറിച്ച് പട്ടാളി മക്കൾ കച്ചിയുടെ (പിഎംകെ) അഭിഭാഷകൻ ആശങ്ക ഉന്നയിച്ചപ്പോഴാണ് കോടതിയുടെ ഈ പരാമർശം.
അതേസമയം വിരമിച്ച ഐപിഎസ് ഓഫീസർ പ്രവീൺ ദീക്ഷിത് ഉൾപ്പെടെ രണ്ടംഗ വസ്തുതാന്വേഷണ സമിതിക്ക് ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) രൂപം നൽകി. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ സമിതി സർവകലാശാല സന്ദർശിച്ചിരുന്നു. ഇരയെയും കുടുംബത്തെയും അധികാരികളെയും കണ്ട് ക്യാമ്പസ് സുരക്ഷ വിലയിരുത്തുകയും ചെയ്തു.
ഡിസംബർ 23നാണ് അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അക്രമി തന്നെയും തൻ്റെ പുരുഷ സുഹൃത്തിനെയും ആക്രമിച്ചു. തുടർന്ന് സമീപത്തെ കുറ്റിച്ചെടികളിലേക്ക് വലിച്ചിഴയ്‌ക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു. വഴിയോര കച്ചവടക്കാരനായ ജ്ഞാനശേഖരൻ എന്ന പ്രതിയെ പരാതി നൽകിയതിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. ജ്ഞാനശേഖരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തുടർന്ന് കേസ് അന്വേഷിക്കാൻ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു.