മഹാ കുംഭത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവങ്ങളിൽ സർക്കാർ നുണ പറയുന്നു : അഖിലേഷ് യാദവ്


ലക്നോ : പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭത്തിൽ തിക്കിലും തിരക്കിലും പെട്ട് തീർഥാടകർ മരിക്കാനിടയായ സംഭവത്തിൽ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി ആക്രമിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
മഹാ കുംഭത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവങ്ങളിൽ സർക്കാർ നുണ പറയുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധാർമിക പരാജയം നേരിട്ടെന്നും ഇനി തെരഞ്ഞെടുപ്പിലും രാഷ്ട്രീയമായി പരാജയപ്പെടുമെന്നും അവകാശപ്പെട്ടു.
മഹാ കുംഭമേളയിൽ തിക്കും തിരക്കും ഉണ്ടായത് സർക്കാറിന്റെ പിഴവു കൊണ്ടാണ്. ബി.ജെ.പി സർക്കാർ പരാജയം മറച്ചുവെക്കുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം കൃത്യമായി വെളിപ്പെടുത്തുന്നില്ലെന്നും സമാജ്‌വാദി പാർട്ടിയുടെ പ്രസ്താവനയിൽ അഖിലേഷ് യാദവ് പറഞ്ഞു.
‘തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തുന്നില്ല. അക്കാരണത്താൽ തന്നെ നഷ്ടപരിഹാരം നൽകേണ്ടതുമില്ല. ഇപ്പോൾ സന്യാസിമാരും മതമേലധ്യക്ഷന്മാരും മഹാ കുംഭത്തിലെ കെടുകാര്യസ്ഥതയെക്കുറിച്ചും സർക്കാറിന്റെ കള്ളങ്ങളെക്കുറിച്ചും തുറന്നു പറയുന്നു. സന്ന്യാസിമാരും ദർശകരും മുഖ്യമന്ത്രിയുടെ നുണകളിൽ ദുഃഖിതരാണ്. കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് വിഷമിക്കുന്നു -അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിക്കും മുഖ്യമന്ത്രിക്കും സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് യാദവ് അവകാശപ്പെട്ടു. മുഖ്യമന്ത്രി നുണയനാണെന്ന് സന്യാസിമാരും ദർശകരും പറയുമ്പോൾ അദ്ദേഹത്തിന് ഇതിലും വലിയ പരാജയം എന്തായിരിക്കും? -എസ്.പി മേധാവി ചോദിച്ചു.
മഹാ കുംഭ സംഭവം സർക്കാറിന്റെ സമ്പൂർണ പരാജയമാണ്. കാണാതായവരുടെയും മരിച്ചവരുടെയും മുഴുവൻ വിവരങ്ങളും ആദ്യം പരസ്യപ്പെടുത്തണം. അശക്തരും ദുഃഖിതരുമായ കുടുംബാംഗങ്ങൾക്ക് ശരിയായ വിവരങ്ങൾ ലഭിക്കുന്നതിന് ഒരു പട്ടിക പുറത്തുവിടണം. ഇതോടൊപ്പം, എല്ലാ മൃതദേഹങ്ങളും അവരുടെ വീടുകളിലേക്ക് മാന്യമായി അയക്കാനുള്ള ക്രമീകരണവും ചെയ്യണം.

മഹാ കുംഭത്തിന് സർക്കാർ ക്ഷണക്കത്തുകൾ വിതരണം ചെയ്തിരുന്നു. 40കോടി മുതൽ 45 കോടി വരെ ആളുകളെ കുളിക്കാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. ലോകോത്തര നിലവാരത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അവകാശപ്പെട്ടു. ക്ഷണക്കത്ത് നൽകി വിളിച്ചുവരുത്തിയപ്പോൾ എന്തായിരുന്നു ക്രമീകരണങ്ങൾ? ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളും വാഹനങ്ങളും റോഡുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യാദവ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രയാഗ്‌രാജിലെ ഘാട്ടുകളിൽ ഒരു വലിയ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് സ്നാനത്തിനായി കാത്തുനിന്ന ഭക്തരെ ചവിട്ടി മെതിച്ചപ്പോഴാണ് വൻ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.