ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്‍ : മറാത്തി നടി കേതകി ചിതാലെ‍ അറസ്റ്റില്‍
actresskethaki

മുംബൈ : എന്‍സിപി നേതാവ് ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലെ യെ താനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫേസ്ബുക്കില്‍ നടി ഈ വിവാദ പോസ്റ്റ് പങ്കുവെച്ച ഉടന്‍ എന്‍സിപി നേതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്വപ്നില്‍ നെട്കെ എന്ന വ്യക്തി താനെയിലെ കല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശിവസേനയും എന്‍സിപിയും തമ്മിലുള്ള ശത്രുത ഈ പോസ്റ്റ് മൂലം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പോസ്റ്റിലെ ഉള്ളടക്കം പവാറിന് എതിരായതാണെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ ആശ്ചര്യകരമായ കാര്യം പോസ്റ്റ് സൃഷ്ടിച്ചത് അഡ്വ. നിതിന്‍ ഭാവെ എന്നൊരു വ്യക്തിയാണെന്നതാണ്. അത് പങ്കുവെയ്ക്കുക മാത്രമാണ് കേതകി ചിതാലെ ചെയ്തത്. അതിനാണ് അറസ്റ്റ്. ഈ വിവാദ പോസ്റ്റ് ട്വിറ്റര്‍ പിന്‍വലിച്ചിട്ടുണ്ട്.അഡ്വ. നിതിന്‍ ഭാവെയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് മറാഠിയിലാണ്. ഇതില്‍ ശരത്പവാറിന്‍റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

'താങ്കളെ നരകം കാത്തിരിക്കുന്നു', 'താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു' തുടങ്ങിയ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ട്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501(അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ അഥവാ പ്രസിദ്ധപ്പെടുത്തല്‍), 505(2) (പ്രസ്താവന സൃഷ്ടിക്കല്‍, പ്രചരിപ്പിക്കല്‍), 153(എ) (ആളുകള്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Share this story