കുറ്റാരോപിതർക്ക് വാട്സ്ആപ് വഴി നോട്ടീസ് അയക്കൽ പറ്റില്ല : സുപ്രീംകോടതി


ന്യൂഡൽഹി: കുറ്റാരോപിതർക്ക് വാട്സ്ആപ് വഴി നോട്ടീസ് അയക്കൽ പറ്റില്ലെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ചട്ടപ്രകാരം മാത്രമേ നോട്ടീസ് നൽകാവൂ എന്ന കാര്യം പൊലീസിനെ ഉത്തരവായി അറിയിക്കണമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
ഒരു കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റയാണ് ഇക്കാര്യം കോടതിയോട് നിർദേശിച്ചത്. പിന്നാലെ ബെഞ്ച് നിർദേശം നൽകുകയായിരുന്നു. നേരത്തേ വാട്സ്ആപ് വഴി നോട്ടീസ് നൽകിയിട്ടും കുറ്റാരോപിതൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാതിരുന്നത് ലൂത്റ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.