മദ്യപിച്ചെത്തിയതിനെ തുടർന്ന് കോളേജില്‍ പ്രവേശിപ്പിച്ചില്ല; സുരക്ഷാ ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു

murder

ബെംഗളൂരു: മദ്യപിച്ചെത്തിയതിന്റെ പേരില്‍ കോളേജില്‍ പ്രവേശിപ്പിക്കാതിരുന്നതിന്റെ വൈരാഗ്യത്തിൽ കോളേജ് കാംപസിലെ സുരക്ഷാ ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. ബെംഗളൂരു കെംപാപുര സിന്ധി കോളേജിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

സിന്ധി കോളേജിലെ സുരക്ഷാജീവനക്കാരനായ ബിഹാര്‍ സ്വദേശി ജയ് കിഷോര്‍ റായ്(52) ആണ് കൊല്ലപ്പെട്ടത്. കോളേജിലെ മൂന്നാംവര്‍ഷ ബി.എ. വിദ്യാര്‍ഥിയായ ഭാര്‍ഗവ് ജ്യോതി ബര്‍മന്‍(22) ആണ് സുരക്ഷാജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. സംഭവത്തിൽ പ്രതിയെയും കൂട്ടാളികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കോളേജിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാര്‍ഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോര്‍ ഇവരെ തടഞ്ഞു. ഭാര്‍ഗവ് ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ചെത്തിയതിനാലാണ് ഇവരെ കോളേജിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്. തുടര്‍ന്ന് തിരികെപോയ ഭാര്‍ഗവ് സമീപത്തെ കടയില്‍നിന്ന് ഒരു കത്തി വാങ്ങി മടങ്ങിയെത്തി. പിന്നാലെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു.

കാംപസില്‍ വാര്‍ഷികാഘോഷത്തിനെത്തിയ മറ്റുവിദ്യാര്‍ഥികളുടെ മുന്നിലിട്ടായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ് നിലത്ത് വീണ ജയ് കിഷോര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. 10 വര്‍ഷമായി കോളജിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ജയ് കിഷോര്‍. 

Tags