38കാരിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; കാഴ്ച്ചക്കാരായി നാട്ടുകാര്‍


ഗ്രാമവാസികളെല്ലാം നോക്കിനില്‍ക്കേയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ജലഹള്ളി ഗ്രാമത്തില്‍ 38 കാരിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ദണ്ഡമ്മ എന്ന സ്ത്രീയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഗ്രാമവാസികളെല്ലാം നോക്കിനില്‍ക്കേയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
രംഗപ്പയുടെ കുടുംബാംഗങ്ങളാണ് സ്ത്രീയെ മര്‍ദ്ദിച്ചത്. പ്രതികള്‍ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും പുളിമരത്തില്‍ കെട്ടിയിട്ട് വന്‍ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.
അക്രമം തടയാന്‍ ഗ്രാമവാസികളാരും തന്നെ തയാറായില്ല. പിന്നീട് പൊലീസ് എത്തുകയും ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിക്കുകയുമായിരുന്നു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാലഹള്ളി പൊലീസ് കേസെടുത്തു.