ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം;യുഎസിൽ ഇന്ത്യൻ യുവതി ജീവനൊടുക്കി
death

ന്യൂയോർക്ക്∙ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷം ഇന്ത്യൻ യുവതി യുഎസിൽ ആത്മ‌ഹത്യ ചെയ്‌തു. ന്യൂയോർക്കിലെ റിച്മണ്ടിലുള്ള വസതിയിൽ ഓഗസ്റ്റ്‌ മൂന്നിനാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ മന്ദീപ് കൗര്‍ (30) ആണ് ആത്മ‌ഹത്യ ചെയ്‌തത്.

8 വര്‍ഷമായി ക്രൂരമായ ഗാര്‍ഹിക പീഡനം നേരിടുകയാണെന്നും ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാൻ കഴിയാത്തതിനാലാണു കഠിനമായ തീരുമാനം എടുക്കുന്നതെന്നും മരണത്തിനു മുൻപ് ഇൻസ്റ്റ‍ഗ്രാമിൽ മന്ദീപ് കൗര്‍ പങ്കിട്ട വിഡിയോയിൽ പറയുന്നു. ട്രക്ക് ഡ്രൈവറായ സന്ധുവും ബിജ്‌നോർ സ്വദേശിയാണ്. തന്റെ മരണത്തിനു സന്ധുവിന്റെ മാതാപിതാക്കളും ഉത്തരവാദികളാണെന്നു മന്ദീപ് കൗർ വിഡിയോയിൽ ആരോപിക്കുന്നു. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള പെൺമക്കളുണ്ട്.

അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ ഭർത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഭര്‍ത്താവിനു നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്നും തന്റെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിക്കാന്‍ മനസ്സു വരാത്തതുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചുനിന്നതെന്നും  മന്ദീപ് പറയുന്നു. മന്ദീപിനെ രഞ്‌ജോദ്ബീര്‍ സിങ് സന്ധു അതിക്രൂരമായി മർദിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Share this story