ഹിജാബ് വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി ; ആരോപണവുമായി കര്‍ണാടക

google news
hijab

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടര്‍ന്നാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് എന്നും ഇത് നിഷ്പക്ഷമാണെന്നും സര്‍ക്കാര് കോടതിയെ അറിയിച്ചിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹിജാബ് നിര്‍ബന്ധമായി ധരിക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ട് പ്രചാരണം നടത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2013 മാര്‍ച്ച് 2ന് ഉഡുപ്പിയിലെ ഗവണ്‍മെന്റ് പ്രീയൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജില്‍ യൂണിഫോം ധരിക്കണമെന്ന പ്രമേയം പാസാക്കി. ഇതില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം ധരിച്ചാണ് കോളേജിലെത്തിയത്. 2021ല്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ ഈ നിയമങ്ങള്‍ അനുസരിച്ചിരുന്നുവെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

2022 ല്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന സോഷ്യല്‍ മീഡിയയില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചു. ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് പ്രക്ഷോഭം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരത് ആരംഭിച്ചത് എന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Tags