വെട്ടിമുറിക്കപ്പെട്ട ശരീരഭാഗങ്ങള്‍ നഗരത്തില്‍ : വിശദ അന്വേഷണത്തിന് ശേഷം പുറത്ത് വരുന്നത് നീണ്ട കൊലപാതകങ്ങളുടെ കഥ
murder

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കര്‍ണാടക പൊലീസ്. മെയ് മാസം 30 നും ജൂണ്‍ മൂന്നിനുമായി വെട്ടിമുറിക്കപ്പെട്ട മൃതശരീരഭാഗങ്ങള്‍ കിട്ടിയതോടെയാണ് പൊലീസിന് തലവേദനകൂടിയത്. ജൂണ്‍ എട്ടിന് മാണ്ഡ്യയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ ലഭിക്കുന്നത്.

കേസില്‍ രാംനഗര്‍ ജില്ലയിലെ കോദിഹള്ളി സ്വദേശിയായ സിദ്ധലിംഗപ്പ(35), ഇയാളുടെ കാമുകി ഹരാവു ഗ്രാമവാസിയായ ചന്ദ്രകല അറസ്റ്റിലായതോടെ പുറത്ത് വന്നിടെ ഒരു നാടിനെയാകെ ഞെട്ടിച്ച കൊലപാതകത്തിന്റെ രഹസ്യങ്ങളാണ്. ഹോസ്ദുര്‍ഗ സ്വദേശിനി പാര്‍വതി, ചാമരാജനഗര്‍ സ്വദേശിനി ഗീത എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.

ഒരു ശരീരഭാഗം ബേട്ടനഹള്ളിയിലെ വെള്ളച്ചാട്ടത്തിനടുത്തു നിന്നും മറ്റൊന്ന് പാണ്ഡവപുര ടൗണിന് സമീപം സിഡിഎസ് കനാലില്‍ നിന്നുമാണ് കണ്ടെത്തുന്നത്. അന്വേഷണത്തില്‍ ശരീരാവശിഷ്ടങ്ങളില്‍ ഒന്ന് ഗീതയുടേതാണെന്ന് കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്.

മരിച്ചതാരെന്ന് അറിയാതെ കുഴങ്ങിയ പൊലീസ്, സംസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളിലെയുമായി 1116 കാണാതാകല്‍ കേസുകളെപ്പറ്റി അന്വേഷിച്ചു. ഈ അന്വേഷണത്തിലാണ് ചാമരാജ്നഗര്‍ പൊലീസ് സ്റ്റേഷനിലെ ഗീത എന്നയാളുടെ മിസ്സിങ് കേസ് ശ്രദ്ധയില്‍പ്പെടുന്നത്. ചോദ്യം ചെയ്യലില്‍ ബംഗലൂരുവില്‍ കുമുദ എന്ന സ്ത്രീയെയും കൊലപ്പെടുത്തിയതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

കൊലപാതകികളെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതായതോടെ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പൊലീസിനെ വട്ടംകറക്കിയ കേസ് അന്വേഷിക്കാനായി ഒമ്പത് ടീമിനെയാണ് നിയോഗിച്ചത്. കൂടാതെ സാങ്കേതിക വിദഗ്ധരുടെ രണ്ടു ടീമിനെ വേറെയും.

അഞ്ചുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഒരുമാസത്തോളം നീണ്ട വ്യാപക അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തി, വലയിലാക്കാനായത്. നഴ്സിങ് ഹോമിലും ഗാര്‍മെന്റ് ഫാക്ടറിയിലും ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പ്രതികള്‍ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

മെയ് 30 ന് പാര്‍വതിയേയും ജൂലൈ മൂന്നിന് ഗീതയേയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ബൈക്കില്‍ കൊണ്ടുപോയി കളയാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ശരീരം രണ്ടായി മുറിച്ചു. രണ്ട് സ്ത്രീകളുടെയും ശരീരത്തിന്റെ മുകള്‍ഭാഗം മുറിച്ചെടുത്ത കൊലയാളികള്‍ താഴത്തെ ഭാഗം ബാഗുകളില്‍ നിറച്ച് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലെ വെള്ളച്ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു.
സാമ്പത്തിക ഇടപാടുകള്‍, അസൂയ, അനധികൃതമായി പണം സമ്പാദിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കൊലയ്ക്ക് കാരണമായതെന്ന് മൈസൂരു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.

Share this story