ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യത്തിൽ എല്ലോറ ഗുഹകൾ

google news
cave

മഹാരാഷ്ട്ര: ഔറംഗബാദിലെ യുനെസ്കോ പൈതൃക കേന്ദ്രമായ എല്ലോറ ഗുഹകളിൽ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമൊരുങ്ങുന്നു. ഹൈഡ്രോളിക് ലിഫ്റ്റ് ചേർക്കുന്ന ആദ്യ യുനെസ്കൊ പൈതൃകകേന്ദ്രമാണിതെന്ന് ഇന്ത്യൻ പുരാവസ്തു സർവെ (എ.എസ്.ഐ) അധികൃതർ അറിയിച്ചു.

കല്ലിൽ കൊത്തിയെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ മന്ദിര സമുച്ചയമായ എല്ലോറയിൽ ഹിന്ദു, ബുദ്ധ, ജൈന മതത്തിലെ ആരാധനകൾ നടക്കുന്നുണ്ട്. 500 മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയായ എല്ലോറയിൽ മൊത്തം 34 ഗുഹകളുണ്ട്. ഇതിൽ 16ാമത്തേത് കൈലാഷ് ഗുഹയാണ്. രണ്ട് നിലയുള്ള ഗുഹയുടെ മുകൾ നിലയിലേക്ക് എത്താൻ പടവുകളും വീൽചെയർ കൊണ്ടുപോകാൻ റാംപും ഉണ്ടായിരുന്നു. ഇവിടെയാണ് ലിഫ്റ്റ് നിർമിക്കുവാൻ എ.എസ്.ഐ തീരുമാനിച്ചിരിക്കുന്നത്.

പ്രതിദിനം 2000 മുതൽ 3000 വരെ സഞ്ചാരികൾ എത്തുന്ന എല്ലോറ ഗുഹകളിൽ കൂടുതൽ വിനോദസഞ്ചാര സൗഹൃദമാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടുക, ഗുഹയിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രധാന പാത ഒരുക്കുക, ശൗചാലയങ്ങളുടെ എണ്ണം കൂട്ടുക, ഇലക്ട്രിക് വാഹന സൗകര്യം തുടങ്ങിയവയാണ് പരിഗണിക്കുന്നത്. 

Tags