'ദ്രൗപതി മുര്‍മുവിന്റേത് സാമൂഹിക സമത്വവും നീതിയും ഉയര്‍ത്തിപിടിക്കുന്ന സ്ഥാനാര്‍ത്ഥിത്വം'; പിന്തുണച്ച് ജഗന്‍ മോഹന്‍ റെഡ്ഡി
jagan mohan reddy
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് നാല് ശതമാനം വോട്ടുവിഹിതം ഉണ്ട്.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍?ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡി. ദ്രൗപതി മുര്‍മുവിന്റേത് സാമൂഹിക സമത്വവും നീതിയും ഉയര്‍ത്തിപിടിക്കുന്ന സ്ഥാനാര്‍ത്ഥിത്വമാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. എസ്‌സി, എസ്ടി, ബിസി, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യത്തിന് താന്‍ നല്‍കുന്ന പ്രാധാന്യത്തിന് അനുസൃതമായാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം. നേതാക്കളായ വിജയ് സായ് റെഡ്ഡിയും, മിഥുന്‍ റെഡ്ഡിയും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാമനിര്‍ദ്ദേശ പ്രക്രിയയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടിയിറക്കിയ പ്രസ്താവനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് നാല് ശതമാനം വോട്ടുവിഹിതം ഉണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഈ സമുദായങ്ങളുടെ ഉന്നമനത്തിന് മുഖ്യമന്ത്രി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മന്ത്രിസഭയില്‍ 70 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണച്ചതോടെ ദ്രൗപതി മുര്‍മുവിന് വിജയ സാധ്യതയേറിയിരിക്കുകയാണ്. നേരത്തെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉന്നത പദവിയിലേക്ക് പട്ടിക വര്‍ഗ്ഗത്തില്‍ നിന്നൊരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Share this story