തമിഴ്നാട്ടിലെ ഡിഎംകെ പഞ്ചായത്തംഗത്തിന്റെ കൊലപാതകം; അഞ്ചുപേർ കോടതിയിൽ കീഴടങ്ങി
crime

തമിഴ്നാട്ടിൽ ഡിഎംകെ പഞ്ചായത്തംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കോടതിയിൽ കീഴടങ്ങി. യോഗേശ്വരി എന്ന എസ്തർ, രാജേഷ്, സതീഷ്, കോഴി എന്ന അൻപ്, നവമണി എന്നിവരാണ് സെയ്താപേട്ട് കോടതിയിൽ കീഴടങ്ങിയത്. തിങ്കളാഴ്ചയാണ് ഡിഎംകെ പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് താംബരത്താണ്. മരിച്ചയാളുടെ മൃതദേഹം റോഡിൽ വലിച്ചെറിഞ്ഞ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നത്. 31 കാരനായ സതീഷാണ് കൊല്ലപ്പെട്ടത്.

എസ്തർ എന്നറിയപ്പെടുന്ന 45 കാരിയായ യോഗേശ്വരി അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളാണ്. താംബരത്തിനടുത്തുള്ള സോമംഗലത്തെ തന്റെ വീട്ടിലാണ് ഇവർ മദ്യക്കച്ചവം നടത്തിയിരുന്നത്. ഈ വിവരം പൊലീസിനെ അറിയിച്ചതിലുള്ള ശത്രുതയാണ് ഡിഎംകെ പഞ്ചായത്തംഗത്തിന്റെ കൊലപാതകത്തിലേക്കെത്തിയത്. നടുവീരപ്പട്ട് പഞ്ചായത്തിലെ ഡിഎംകെ വാർഡ് അംഗമായിരുന്നു സതീഷ്.

സതീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ യോഗേശ്വരിയുടെ വീട്ടിൽ റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ച മദ്യക്കുപ്പികൾ പിടിച്ചെടുത്തിരുന്നു. തന്റെ അനധികൃത മദ്യക്കച്ചവടം പിടിക്കപ്പെട്ടതിന്റെ ദേഷ്യത്തിലാണ് ഇവർ കൊലപാതകം നടത്തിയത്. 

Share this story