ബുൾഡോസർ ആക്രമണം : സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍

google news
Bulldozer attack


ന്യൂഡെല്‍ഹി: ബിജെപി വക്‌താവ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് നടത്തിയ വിദ്വേഷ പരാമര്‍ശത്തിൽ പ്രതിഷേധിച്ച ആളുകളെ കേന്ദ്രീകരിച്ച് ബുള്‍ഡോസര്‍ ആക്രമണം നടത്തിയതെന്ന ആരോപണങ്ങളെ തള്ളി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ നുപുര്‍ ശര്‍മയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളില്‍ ശക്‌തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് സര്‍ക്കാര്‍ തകര്‍ത്തത്.

സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് സത്യവാങ്മൂലവുമയി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കാണ്‍പൂരില്‍ വീടുകള്‍ക്കോ മറ്റ് വാണിജ്യ സ്‌ഥാപനങ്ങള്‍ക്ക് നേരെയോ ആക്രമണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാരിനെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങളെ തള്ളിക്കൊണ്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.

നിയമാനുസൃതമായ നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് സര്‍ക്കാരിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് തെറ്റായ നിറം നല്‍കാനാണ് ശ്രമിക്കുന്നതെന്നും യോഗി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

പൊളിച്ചുനീക്കിയത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണെന്നും ഇത് ബന്ധപ്പെട്ട അധികാരികള്‍ ശരിവെക്കുകയും ചെയ്‌തിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags