ബി.ജെ.പി പ്രതിപക്ഷ രഹിത ഇന്ത്യയുണ്ടാക്കാൻ ശ്രമിക്കുന്നു : അദിർ രഞ്ജൻ ചൗധരി

google news
chaw

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ വിമതനീക്കം നടക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അദിർ രഞ്ജൻ ചൗധരി. ഇന്ത്യ മുഴുവൻ കൈയടക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

'അവർ പ്രതിപക്ഷരഹിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പാതയിലാണ് സഞ്ചരിക്കുന്നത്. ആദ്യം അവർ കോൺഗ്രസ് മുക്ത ഇന്ത്യയെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോൾ അത് പ്രതിപക്ഷ മുക്ത ഇന്ത്യയെന്നായി മാറി'- അദ്ദേഹം പറഞ്ഞു.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതനീക്കം നടക്കുന്നതിനെ തുടർന്ന് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. തനിക്ക് 40 എം.എൽ.എമാരുടെ പിന്തുണയുള്ളതായി ഷിൻഡെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം നിയമസഭ പിരിച്ചുവിട്ടുള്ള തീരുമാനമുണ്ടാവുമെന്നാണ് റിപ്പോർട്ട്. ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സഖ്യത്തിൽ 55 ശിവസേന എം.എൽ.എമാരും എൻ.സി.പിക്ക് 53 ഉം കോൺഗ്രസിന് 44 ഉം എം.എൽ.എമാരുമാണുള്ളത്.

എം.വി.എ സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഈ പ്രസ്താവന നിഷേധിക്കുകയായിരുന്നു. 

Tags