മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണി; ദി വയറിന്റെ റിപ്പോര്‍ട്ട്

maharashtra election
maharashtra election

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ പൊരുത്തക്കേടെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ ഭീമമായ വ്യത്യാസമെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. അഞ്ച് ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോര്‍ട്ട്. 

ആഷ്ടി മണ്ഡലത്തില്‍ മാത്രം 4538 വോട്ടുകള്‍ അധികമായി എണ്ണിയെന്നും ഒസ്മാനാബാദില്‍ 4155 വോട്ടുകളുടെ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് പതിറ്റാണ്ടിന് ശേഷം പ്രതിപക്ഷ നേതാവുപോലുമില്ലാത്ത അവസ്ഥയിലേക്ക് മാറാന്‍ കാരണമായത് തെരഞ്ഞെടുപ്പിലെ അട്ടിമറിയാണെന്ന ഇന്ത്യാ സഖ്യത്തിന്റെ ആരോപണങ്ങള്ക്ക് ശക്തി പകരുന്നതാണ് ദി വയറിന്റെ എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചിട്ടില്ല.

288 മണ്ഡലങ്ങളിലുമായി ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം എണ്ണിയത് 6,45,92,508 വോട്ടുകളാണ്. ഈ വ്യത്യാസം എങ്ങനെ വന്നെന്ന ചോദ്യമാണ് ദി വയര്‍ മുന്നോട്ടുവയ്ക്കുന്നത്. നവാപുര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ലഭിച്ചത് 240022 വോട്ടുകളാണ്. എന്നാല്‍ എണ്ണിയത് 241193 വോട്ടുകളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുപോലെ തന്നെ മാവല്‍ മണ്ഡലത്തില്‍ 280319 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ എണ്ണിയത് 279081 വോട്ടുകള്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ പ്രതിപക്ഷം റിപ്പോര്‍ട്ട് വിവാദമാക്കാനാണ് സാധ്യത.

Tags