ചെന്നൈയിൽ പതിനഞ്ചുപേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോയി
kidnapping

ചെന്നൈ: പതിനഞ്ചുപേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രി തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മയിലാടുതുറൈ സ്വദേശി വിഘ്‌നേശ്വരനെ(34)യും ഇയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് വിഘ്‌നേശ്വരനും മറ്റു 14 പേരും യുവതിയുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ കത്തിയും മറ്റു ആയുധങ്ങളും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി യുവതിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മയിലാടുതുറൈ പോലീസിനെ വിവരമറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ദേശീയപാതയില്‍വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുകയും ചെയ്തു. കാര്‍ പിന്തുടര്‍ന്ന പോലീസ് സംഘം വാഹനത്തിലുണ്ടായിരുന്ന പ്രതികളെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ വിഘ്‌നേശ്വരന്‍ യുവതിയെ പതിവായി ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പും ഇയാള്‍ യുവതിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതിയും വീട്ടുകാരും എതിര്‍ത്തതോടെ പ്രതിക്ക് പിന്‍വാങ്ങേണ്ടിവന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യുവതിയുമായി അടുപ്പം സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. യുവതിയെ പിറകെനടന്ന് ശല്യംചെയ്യുന്നതും പതിവായിരുന്നു. ഇതോടെ യുവതി ഇയാള്‍ക്കെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വിഘ്‌നേശ്വരനെ വിളിച്ചുവരുത്തിയ പോലീസ്, ഇനി ശല്യമുണ്ടാക്കില്ലെന്ന് എഴുതിവാങ്ങി ഇയാളെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ ജൂലായ് 12-ാം തീയതി വിഘ്‌നേശ്വരന്‍ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വീട്ടുകാരും യുവതിയും ചെറുത്തുനിന്നതോടെ തിരികെ പോയി. ഈ സംഭവത്തില്‍ യുവതി പരാതിപ്പെട്ടതോടെ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒളിവില്‍കഴിഞ്ഞിരുന്ന വിഘ്‌നേശ്വരന്‍ കൂടുതല്‍ ആളുകളുമായി വന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്.

Share this story