നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യും; എന്താണ് അനുഷ്‌കയെ ബാധിച്ച ആ അപൂർവ്വരോഗം..?

anushka

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് അനുഷ്ക ഷെട്ടി. ഇന്ന് ആ കലാകാരിയെ ബാധിച്ച ഒരു അപൂർവ്വ രോഗമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.."എനിക്ക് ചിരിക്കുന്നൊരു രോഗം ഉണ്ട്. ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങള്‍ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചിരി രോഗമല്ല. പക്ഷേ എനിക്കത് രോഗമാണ്. ചിരി തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ എനിക്ക് നിര്‍ത്താനാവില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഒക്കെ വല്ലാണ്ട് ചിരിക്കും. ഇക്കാര്യം കൊണ്ട് പലതവണ ഷൂട്ടിങ്ങുകള്‍ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്", എന്നായിരുന്നു അനുഷ്ക ആ രോഗത്തെക്കുറിച്ച് വിവരിച്ചത്. 

സ്യൂഡോബള്‍ബര്‍ അഫക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ്വ ന്യൂറോളജിക്കല്‍ രോഗാവസ്ഥ ആണിത്. ഇത് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാക്കുന്നു. ഈ വൈകാരിക അവസ്ഥ അനുഭവിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ആശയക്കുഴപ്പവും സമ്മര്‍ദവും സൃഷ്ടിക്കും. 

pseudobulbar affect

പക്ഷാഘാതം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്), ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജുറി, അല്‍ഷിമേഴ്‌സ് രോഗം തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കല്‍ അവസ്ഥകളോ പരിക്കുകളോ ആയി പിബിഎ ബന്ധപ്പെട്ടിരിക്കുന്നു. വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറല്‍ പാതകളിലെ തടസങ്ങള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. 

രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഒരു വ്യക്തി സങ്കടകരമായ ഒരു സംഭവത്തിൽ ചിരിക്കുകയോ തമാശ പറയുന്ന സാഹചര്യത്തിൽ കരയുകയോ ചെയ്യുന്നതെല്ലാം PBA യുടെ ലക്ഷണങ്ങളാണ്. പിബിഎ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു.