രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കു ഈ കാര്യങ്ങൾ

google news
sleeping at morning

മനുഷ്യൻ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് ഉറക്കം. മാറിയ ജീവിത സാഹചര്യത്തിൽ നല്ല ഉറക്കം കിട്ടാൻ ആഗ്രഹിക്കുന്നവർ ഇന്നത്തെ കാലത്ത് നിരവധിയാണ്. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചോളു.

ഭക്ഷണം

നമ്മുടെ ഡയറ്റും ഉറക്കവും തമ്മില്‍ പ്രത്യക്ഷമായ ബന്ധമുണ്ട്. ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങളെല്ലാം ‘ബാലന്‍സ്’ ചെയ്യത്തക്ക തരത്തിലുള്ള ഡയറ്റാണ് നമ്മള്‍ പിന്തുടരേണ്ടത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെല്ലാം തുല്യമായ അളവില്‍ കഴിക്കണം. ഇത്തരത്തിലൊരു ഡയറ്റ് പിന്തുടര്‍ന്നാല്‍ ഉറക്കമില്ലായ്മ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

അത്താഴത്തിനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം വളരെ ലഘുവായത് ആയിരിക്കണം. എങ്കില്‍ മാത്രമേ സുഖകരമായ ഉറക്കം ലഭിക്കൂ. ‘ഹാര്‍ഡ്’ ആയ ഭക്ഷണം രാത്രിയില്‍ കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരത്തിന് ഏറെ പാടുപെടേണ്ടി വരുന്നു. ഇത് ഉറക്കത്തെ പ്രശ്‌നത്തിലാക്കും.

മദ്യപാനം

മദ്യപിച്ചാല്‍ നന്നായി ഉറങ്ങാനാകുമെന്ന് പലരും പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ആഴത്തിലുള്ള ഉറക്കം മദ്യപിച്ചാല്‍ ലഭിക്കില്ലെന്നും ഇത് ശരീരത്തെ ക്ഷീണിപ്പിക്കുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. പ്രത്യേകിച്ച് അധിക അളവില്‍ കഴിക്കുന്നത്.

മൊബൈല്‍ ഫോണ്‍

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയെല്ലാം മാറ്റിവയ്ക്കുക. ടിവിയും ഓഫ് ചെയ്യുക. ഇത്തരം ഡിവൈസുകളില്‍ നിന്ന് പുറപ്പെടുന്ന ‘ബ്ലൂ ലൈറ്റ്’ സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തും.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ ഇങ്ങനെയുള്ള ഉപകരണങ്ങളഉടെ ഉപയോഗം അവസാനിപ്പിക്കുക.

ചായ, കാപ്പി

രാത്രിയില്‍ എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ ചിലര്‍ ചായയോ കാപ്പിയോ കഴിക്കാറുണ്ട്. എന്നാല്‍ ഉറങ്ങാന്‍ തയ്യാറെടുത്തിരിക്കുമ്പോള്‍ ഒരിക്കലും ചായയോ കാപ്പിയോ കഴിക്കരുത്. ഇവയിലടങ്ങിയിരിക്കുന്ന ‘കഫേന്‍’ ഉറക്കത്തെ ബാധിക്കും.

വ്യായാമം

വ്യായാമവും ഉറക്കവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. പതിവായി വ്യായാമം ചെയ്യുന്നവരില്‍ പൊതുവേ ഉറക്കമില്ലായ്മ ഉണ്ടാകാറില്ല. ശരീരം സൂക്ഷിച്ചുവച്ചിരിക്കുന്ന ഊര്‍ജ്ജത്തെ വ്യായാമത്തിലൂടെ എരിച്ചുകളയുകയാണ് ചെയ്യുന്നത്. അതോടെ തളര്‍ച്ച അനുഭവപ്പെടുകയും നന്നായി ഉറങ്ങുകയും ചെയ്യും. വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ശാരീരികമായ ജോലികളിലേര്‍പ്പെട്ടാലും മതി.

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ‘ട്രിപ്‌റ്റോഫാന്‍’ എന്ന അമിനോ ആസിഡ്, ‘സെറട്ടോണിന്‍’ എന്ന രാസപദാര്‍ത്ഥത്തിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഈ ‘സെറട്ടോണിന്‍’ പിന്നീട് സുഖകരമായ ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ‘മെലട്ടോണിന്‍’ എന്ന പദാര്‍ത്ഥത്തത്തിന്റെ അളവും കൂട്ടുന്നു. അതോടെ ആഴത്തിലുള്ള നല്ലയുറക്കം ലഭിക്കുന്നു. അതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, പരിപ്പ്- പയറുവര്‍ഗങ്ങള്‍, നട്ട്‌സ്, സീഡ്‌സ്, ചിക്കന്‍, മീന്‍, മുട്ട എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നവയാണ്.
 

Tags