പുരുഷന്മാരിൽ കൂടുതലും സ്കിൻ കാൻസർ
ക്യാന്‍സര്‍ തന്നെ പലവിധത്തിലുണ്ടെന്ന് നമുക്കറിയാം. ഇക്കൂട്ടത്തില്‍ സ്കിൻ ക്യാൻസറിനെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. സ്കിൻ ക്യാൻസര്‍ മൂന്ന് തരത്തിലാണുള്ളത്. 'ബേസല്‍ സെല്‍ കാര്‍സിനോമ', 'സ്ക്വാമസ് സല്‍ കാര്‍സിനോമ', 'മെലനോമ' എന്നിങ്ങനെ.
ഇതില്‍ മെലനോമയാണ് കൂടുതല്‍ അപകടകാരിയായിട്ടുള്ള അര്‍ബുദം. സ്കിൻ ക്യാൻസര്‍ മൂലം ഏറ്റവുമധികം പേര്‍ മരണപ്പെടുന്നതും മെലനോമ ബാധിച്ചുതന്നെ.
സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദവുമായി ബന്ധപ്പെട്ട് വന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണ് പറയുന്നത്. യുഎസ് 'സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവൻഷൻ' ആണ് ഈ പഠനത്തിന് പിന്നില്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് സ്കിന്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത് എന്നാണ് പഠനത്തിന്‍റെ പ്രധാന കണ്ടെത്തല്‍.
യുഎസിലെ സാഹചര്യങ്ങളെ മുൻനിര്‍ത്തിയാണ് പഠനമെങ്കിലും ഇതിന് ആഗോളതലത്തിലും പ്രാധാന്യമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ മറ്റ് അര്‍ബുദങ്ങളെ അപേക്ഷിച്ച് സ്കിൻ ക്യാൻസര്‍ കേസുകളും മരണങ്ങളും കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറ്. എന്നാല്‍ ലഭ്യമായ കണക്കുകളില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ സ്കിൻ ക്യാൻസര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പുരുഷന്മാരിലാണെന്നതിന് സൂചനകളുമുണ്ട്. 'പോപ്പുലേഷൻ ബേസ്ഡ് ക്യാൻസര്‍ രെജിസ്ട്രി ഓഫ് ഇന്ത്യ'യുടെ ചില റിപ്പോര്‍ട്ടുകള്‍ ഈ സൂചനകള്‍ പരോക്ഷമായി പങ്കുവയ്ക്കുന്നുണ്ട്.
സൂര്യപ്രകാശം പതിവായി ഏല്‍ക്കുന്നത്, ആര്‍സനിക് അധികമായി അകത്തെത്തുന്നത് എല്ലാമാണ് ക്രമേണ ചിലരില്‍ സ്കിൻ ക്യാൻസറിന് കാരണമാകുന്നത്. ഇതില്‍ പതിവായി കനത്ത സൂര്യപ്രകാശമേല്‍ക്കുന്ന കാര്യത്തില്‍ സ്ത്രീകളെക്കാള്‍ മുന്നിലാണ് പുരുഷന്മാരെന്നതും സണ്‍സ്ക്രീൻ പോലെ വെയിലില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കുന്ന ഉപാധികള്‍ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കുറവായി ആശ്രയിക്കുന്നു എന്നതുമാണ് ഇവരില്‍ സ്കിൻ ക്യാൻസര്‍ കൂടുതലായി കാണാനുള്ള ഒരു കാരണമായി ഗവേഷകര്‍ മനസിലാക്കുന്നത്.
എന്നാല്‍ ഇതിന് പിന്നിലെ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താൻ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. സ്ത്രീയുടേയും പുരുഷന്‍റേയും ചര്‍മ്മങ്ങള്‍ പൊതുവില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും ഇതും ക്യാൻസര്‍ കൂടുന്നതിലേക്ക് നയിക്കുന്നുണ്ടാകാമെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമെ സ്ത്രീ-പുരുഷ ഹോര്‍മോണുകളുടെ വ്യത്യസ്തതയും ഇതില്‍ ഘടകമാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.