അറിയാം ബ്ലാക്ക്ബെറിയുടെ ആരോഗ്യഗുണങ്ങൾ...

google news
blackberry

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ബെറി പഴങ്ങള്‍. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ ഉണ്ട്. അതില്‍ സ്ട്രോബെറിയുടെയും ബ്ലൂബെറിയുടെയുമൊക്കെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിവുണ്ട്. എന്നാല്‍ അധികം ആരും ശ്രദ്ധിക്കാത്ത ഒന്നാണ് ബ്ലാക്ക്ബെറി. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഫൈബര്‍, പ്രോട്ടീന്‍, കാര്‍ബോഹൈട്രേറ്റ്, വിറ്റാമിന്‍ സി, കെ, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് ബ്ലാക്ക്ബെറി. ബ്ലാക്ക്‌ബെറിയിലെ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, ഹൃദ്രോഗം, ചില അർബുദങ്ങൾ, വിട്ടുമാറാത്ത ചില രോഗങ്ങളുടെ അപകടസാധ്യത തുടങ്ങിയവ കുറയ്ക്കാന്‍ സഹായിക്കും. ബ്ലാക്ക്ബെറി പതിവായി കഴിക്കുന്നത് ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു.  

വിറ്റാമിന്‍ സി അടങ്ങിയ ബ്ലാക്ക്ബെറി പ്രതിരോധശേഷിക്കും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. വയറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ഫൈബര്‍ അടങ്ങിയിരിക്കുന്ന ബ്ലാക്ക്ബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറി തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.  പൊട്ടാസ്യം അടങ്ങിയിള്ള ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ബ്ലാക്ക്ബെറി പ്രമേഹരോഗികള്‍ക്കും മിതമായ അളവില്‍ കഴിക്കാം.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Tags