എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം..?

cholara

ഒരു ജലജന്യ രോഗമാണ് കോളറ. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയാണ് കോളറ ഉണ്ടാകുന്നത്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ചതിന് ശേഷം ഒരാൾക്ക് രോഗലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർ മുതൽ 5 ദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്നു. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്​തു ഉൽപാദിപ്പിക്കുന്നു.

ഈ വിഷവസ്​തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജനം വഴി പുറത്താകുന്ന ഈ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഇത്തരം ബാക്ടീരിയകൾക്ക് വെള്ളത്തിൽ ഏറെ നേരം ജീവിക്കാൻ കഴിയും. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. വേഗത്തിൽ നിർജലീകരണം നടക്കുന്നതിനാൽ ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശരാക്കുന്നതിനും മരണത്തിനും വരെ കോളറ കാരണമാകുന്നു.

cholara1

ലക്ഷണങ്ങൾ

രോഗം പിടിപ്പെട്ടാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. 

കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാകുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്ടത്തിന് കാരണമാകുകയും ചെയ്യും. ഓക്കാനം, ഛർദ്ദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജ്ജലീകരണം ഉണ്ടാവുക ചെയ്യും. ശരീരഭാരം 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജ്ജലീകരണത്തെ സൂചിപ്പിക്കുന്നു.

 Also Read -   ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്തസമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും കോളറയുടെ മറ്റ് ലക്ഷണങ്ങളാണ്. 

എങ്ങനെ പ്രതിരോധിക്കാം

1. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
2. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക 
3. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
4.  കഴിവതും പച്ചക്കറികൾ പാകം ചെയ്ത് കഴിക്കുക 
5. ശുചിമുറികൾ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക. 
6. ചുറ്റുപാടുകൾ മലിനമാകാതെ സൂക്ഷിക്കുക.
7. ഈച്ചകൾ പെരുകുന്നത് തടയുക.
8. ശൗചാലയത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക.

Tags