പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് ; ലക്ഷണങ്ങള്‍ അറിയാം

heart disease

ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ് എന്താണെന്ന് മിക്കവര്‍ക്കും അറിയുമായിരിക്കും. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനത്തില്‍ സംഭവിക്കുന്നത്. അതുതന്നെ 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്'- പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ ദിനംപ്രതി മരിക്കുന്നതിന് പിന്നിലുള്ള വലിയൊരു കാരണമാണ് 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്'. ആകെ ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില് 50 തമാനം പേരും 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്'?

മിക്ക കേസുകളിലും ഹൃദയത്തിന്‍റെ ഇലക്ട്രിക്കല്‍ സിസ്റ്റത്തിലുണ്ടാകുന്ന പ്രശ്നത്തെ തുടര്‍ന്ന് സ്പന്ദനങ്ങളില്‍ വരുന്ന വ്യതിയാനമാണ് പിന്നീട് സഡണ്‍ കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുന്നത്. 'അരിത്മിയ' എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ കൊറോണറി ഹാര്‍ട്ട് ഡിസീസ്, എന്‍ലാര്‍ജ്ഡ് ഹാര്‍ട്ട് എന്നിങ്ങനെയുള്ള ഹൃദ്രോഗങ്ങളുള്ളവരിലും സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് സാധ്യത കൂടുന്നു.

ലക്ഷണങ്ങള്‍...

'സഡണ്‍ കാര്‍ഡിയാക് അറസ്റ്റി'ലും ചില ലക്ഷണങ്ങള്‍ കാണാം. ഇതും വളരെ പെട്ടെന്നായിരിക്കും പ്രകടമാവുക.

1. പള്‍സ് നഷ്ടമാവുക.
2. ബോധം നഷ്ടമാവുക.
3. നെഞ്ചില്‍ അസ്വസ്ഥത.
4 . തളര്‍ച്ചയും തലകറക്കവും.
5. ശ്വാസം കിട്ടാതാവുക.
6. നെഞ്ചിടിപ്പ് കൂടുക.
7. പെട്ടെന്ന് കുഴഞ്ഞുവീഴുക.
8. സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക.

കുഴഞ്ഞുവീണ് മരിച്ചു എന്ന് പറയുന്നത് കേട്ടിട്ടില്ലേ? മിക്ക കേസുകളിലും ഇത് സഡണ്‍ കാര്‍ഡിയാക് അറസ്റ്റ് തന്നെയായിരിക്കും. ഇത് സംഭവിക്കുന്നതിന് അല്‍പനേരം മുമ്പായിത്തന്നെ, ചിലപ്പോള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ശരീരം ചില സൂചനകള്‍ നല്‍കിയിരുന്നിരിക്കും. എന്നാല്‍ അധികപേരും ഇത് ശ്രദ്ധിക്കാതിരിക്കുകയോ, പരിഗണിക്കാതിരിക്കുകയോ ചെയ്യുന്നത് മൂലം അപകടമുണ്ടാകാം.

കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ പ്രാഥമികമായി സിപിആര്‍ നല്‍കുകയാണ് രോഗിയെ തിരിച്ചെടുക്കാനുള്ള ഏകമാര്‍ഗം. ഇത് അറിയാവുന്നവര്‍ തന്നെ ചെയ്യണം. പ്രാഥമിക ചികിത്സ വൈകും തോറും മരണസാധ്യത കൂടുന്നു. പ്രാഥമിക ചികിത്സ നല്‍കിക്കഴിഞ്ഞാല്‍ ഉടൻ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കുകയും വേണം.

Share this story