നാവിൽ വെള്ളമൂറും പാലപ്പവും വറുത്തരച്ച കോഴിക്കറിയും

curry
curry

പാലപ്പം ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍

    അരിപ്പൊടി- അഞ്ച് കപ്പ്
    യീസ്റ്റ്- അര ടീസ്പൂണ്‍
    പഞ്ചസാര- രണ്ട് ടേബിള്‍സ്പൂണ്‍
    തേങ്ങാപ്പാല്‍- രണ്ട് കപ്പ്
    ഉപ്പ്- ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

    ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 30 മിനിട്ട് വെക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി മൂന്ന് കപ്പ് വെള്ളത്തില്‍ കലക്കി നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് മിക്സിയില്‍അടിച്ചെടുക്കുക. എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക.വേവാനുള്ള സമയം ആയാല്‍ ചട്ടിയില്‍ നിന്നെടുക്കാം നല്ല ചൂടുള്ള പാലപ്പം.

വറുത്തരച്ച കോഴിക്കറി

    ചേരുവകള്‍:
    കോഴിയിറച്ചി- ഒരു കപ്പ്
    തേങ്ങ ചിരവിയത്- രണ്ട് കപ്പ്
    തക്കാളി- രണ്ട് എണ്ണം
    പച്ചമുളക്- മൂന്ന്എണ്ണം
    ഇഞ്ചി- രണ്ട് ഇഞ്ച് കഷണം
    വെളുത്തുള്ളി- അഞ്ച് അല്ലി
    ചെറിയ ഉള്ളി- രണ്ട്/മൂന്ന് എണ്ണം
    മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    മല്ലിപ്പൊടി മൂന്ന്- ടേബിള്‍സ്പൂണ്‍
    മുളകുപൊടി- മൂന്ന് ടേബിള്‍സ്പൂണ്‍
    എണ്ണ- മൂന്ന് ടേബിള്‍സ്പൂണ്‍
    കറിവേപ്പില- മൂന്ന് ഇതള്‍
    കടുക്- ഒരു ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

    കോഴിയിറച്ചി കഴുകി ചെറിയ കഷണങ്ങളാക്കി വെള്ളം വാര്‍ത്തു കളയുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ ഒരേ വലുപ്പത്തിലാക്കാന്‍ വെള്ളം ചേര്‍ക്കാതെ ചെറുതായി മിക്സിയില്‍ അരക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ചൂടാറുമ്പോള്‍, വെള്ളം ചേര്‍ക്കാതെ (നിറം മാറാതിരിക്കുന്നതിന്) മിക്സിയില്‍അരക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക. ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പ നേരം ഇളക്കുക. അതിനുശേഷം കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നാല്അഞ്ച് മിനിറ്റ് ഇളക്കുക. പിന്നീട് അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. പതുക്കെ തിളക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ച് ചേര്‍ക്കുക. രുചികരമായ വറുത്തരച്ച കോഴിക്കറി തയ്യാര്‍.

Tags