ക്രിസ്പി പൊറോട്ട തയ്യാറാക്കാം
പൊറോട്ടയ്ക്ക് മൈദയാണ് നമ്മള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. മൈദയ്‌ക്കൊപ്പം അല്‍പം പഞ്ചസാര, ഉപ്പ് എന്നിവ കൂടി ചേര്‍ത്താണ് മാവ് കുഴയ്‌ക്കേണ്ടത്. ചിലര്‍ ഇതില്‍ മുട്ടയും അതുപോലെ തന്നെ സണ്‍ഫ്‌ളവര്‍ ഓയിലുമെല്ലാം ചേര്‍ക്കാറുണ്ട്. മാവന് കൂടുതല്‍ മാര്‍ദ്ദവം കിട്ടാനാണ് ഇവയെല്ലാം ചേര്‍ക്കുന്നത്.
പൊറോട്ട തയ്യാറാക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടൊരു കാര്യമാണ്, മാവ് കുഴച്ച ശേഷം ഏതാനും മണിക്കൂറുകളിലേക്ക് അവ മാറ്റിവയ്ക്കുന്നത്. മാവ് നന്നായി പരുവപ്പെട്ട് വരുന്നതിനാണിത്. രണ്ടര മണിക്കൂര്‍ മുതല്‍ നാലോ അഞ്ചോ മണിക്കൂര്‍ വരെയെല്ലാം ഇത്തരത്തില്‍ മാവ് മാറ്റിവയ്‌ക്കേണ്ടതാണ്.
ഇതിന് ശേഷമാണ് മാവ് വിഭജിച്ച് വലിയ ഉരുളകളാക്കുന്നത്. ഇങ്ങനെ ഉരുളകളാക്കിയതിന് ശേഷം മിക്കവരും ഉടന്‍ തന്നെ അത് പരത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ഉരുളകളും അല്‍പനേരത്തേക്ക് മാറ്റിവച്ചാല്‍ പൊറോട്ട കുറെക്കൂടി 'സോഫ്റ്റ്' ആയും രുചിയുള്ളതായും വരുമെന്നാണ് പ്രമുഖ ഷെഫ് കുനാല്‍ കപൂര്‍ പറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചെറു വീഡിയോയിലാണ് കുനാല്‍ മലബാര്‍ പൊറോട്ട നല്ല രീതിയില്‍ തയ്യാറാക്കാനായി രണ്ട് ടിപ്പുകള്‍ പങ്കുവച്ചത്. അതിലൊരു ടിപ്പാണ് ഇപ്പോള്‍ പങ്കുവച്ചത്. ഇനിയൊന്ന് പൊറോട്ട ചുട്ടെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. അധികപേരും പൊറോട്ടയ്ക്ക് നല്ല വേവ് വേണം എന്ന് ചിന്തിക്കുന്നതിനാല്‍ തീ കുറച്ച് വച്ച് കൂടുതല്‍ നേരം തവയില്‍ വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്നാണ് കുനാല്‍ സൂചിപ്പിക്കുന്നത്.
അടുപ്പിലെ തീ ഉയര്‍ന്ന ഫ്‌ളെയിമിലായിരിക്കുമ്പോഴാണ് പൊറോട്ട ചുട്ടെടുക്കേണ്ടതെന്നും അതുവഴി മാത്രമേ പൊറോട്ട ക്രിസ്പിയായും രുചിയായും വരുകയുള്ളൂവെന്നും കുനാല്‍ പറയുന്നു. അപ്പോള്‍ ഇനി അടുത്ത തവണ പൊറോട്ട തയ്യാറാക്കുമ്പോള്‍ ഈ രണ്ട് ടിപ്‌സ് കൂടി മനസില്‍ വയ്ക്കാം.
.jpg)

