'1 ജീവിതം 5 ഭാര്യമാർ'; നിറയെ ചിരിയുമായി 'നാഗേന്ദ്രൻസ് ഹണിമൂൺസ്' വരുന്നൂ..

web series

മലയാളത്തിൽ നിന്ന് മറ്റൊരു വെബ് സീരീസ് കൂടി ഒരുങ്ങുന്നു. 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് 'കസബ', 'കാവൽ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിതിൻ രഞ്ജി പണിക്കരാണ് ഒരുക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാൻ തയാറെടുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിലെത്തുന്ന സീരീസിൽ ശ്വേത മേനോൻ, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ബഹുഭാര്യത്വ ബന്ധം പുലർത്തുന്നയാളുടെ വേഷമാണ് സുരാജ് കൈകാര്യം ചെയ്യുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. '1 ജീവിതം 5 ഭാര്യമാർ' (1 life, 5 wives) എന്നാണ് വെബ് സീരീസിന്റെ ടാഗ് ലൈൻ.

ഒരു കോമഡി എന്റർടെയ്നറായിരിക്കാം 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. സീരീസിന്റെ റിലീസ് തീയതി ഡിസ്നിയുടെ ഔദ്യോഗിക പേജിലൂടെ ഉടൻ അറിയിക്കുന്നതാണ്. വലിയ സ്വപ്നങ്ങൾ, നിറയെ ചിരി. 'നാഗേന്ദ്രൻസ് ഹണിമൂൺസ്'വരുന്നു എന്നാണ് ഡിസ്നി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.