'വിജയ്‌യെ അനുകരിച്ചതല്ല'; സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതിനെക്കുറിച്ച് വിശാൽ

vishal cycle

തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നടൻ വിശാൽ എത്തിയത് സൈക്കിളിൽ ആയിരുന്നു. ഇതിന് പിന്നാലെ  സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ നിരവധി ട്രോളുകൾ വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്ന സംഭവത്തെ വിശാൽ അനുകരിച്ചതാണ് എന്നായിരുന്നു ട്രോളുകളിൽ ഉയർന്ന വിമർശനം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിശാൽ.

'താൻ വിജയ്‌യെ അനുകരിച്ചതല്ല. തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൈക്കിളിൽ വന്നത്' എന്നാണ് വിശാൽ പറഞ്ഞത്. പുതിയ ചിത്രമായ രത്നത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു നടന്റെ പ്രതികരണം.

'വിജയ് സൈക്കിളിൽ പോയത് ഞാൻ കണ്ടിരുന്നു. എന്നാൽ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കയ്യിൽ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കിൽ ഞാൻ സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരിക്കൽ കാരക്കുടിയിൽ നിന്ന് തിരിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാൻ സൈക്കിളിൽ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും പാട്ടുകൾ കേട്ടുകൊണ്ട് സൈക്കിൾ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്ട്രെസ് കുറയ്ക്കുന്ന കാര്യമാണ്,' എന്നും വിശാൽ പറഞ്ഞു.