'ഗോട്ട്' ക്ലെെമാക്സ് ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്തെത്തി

vijay 1

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി ദളപതി വിജയ് തിരുവനന്തപുരത്തെത്തി.ദളപതിക്ക് വന്‍ വരവേല്‍പ്പാണ് ആഭ്യന്തര വിമാനത്താവളത്തില്‍ ഫാന്‍സ് ഒരുക്കിയത്. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു.

വിജയ്‌യുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫാന്‍സ് നഗരത്തില്‍ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ആരാധക കൂട്ടായ്മയായ പ്രിയമുടന്‍ നന്‍പന്‍സ് വീട് ഇല്ലാത്ത പാവപ്പെട്ട കുടുംബത്തിനായി വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് ആരാധകരെ കാണാന്‍ പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. 14 വര്‍ഷം മുന്‍പ് കാവലന്റെ ചിത്രീകരണത്തിനായും വിജയ് കേരളത്തില്‍ വന്നിരുന്നു.

ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്റെ ക്ലൈമാക്സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭാവതാരണി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനാലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

Tags