അന്താരാഷ്ട്ര പുരസ്ക്കാരങ്ങളുടെ തിളക്കവുമായി വിക്ടോറിയ തിയറ്ററുകളിലേക്

victoria
victoria


വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച മലയാള ചിത്രം വിക്ടോറിയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഐഫ്ഫ്കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഉടനെ തിയറ്ററുകളിലെത്തും.

tRootC1469263">

ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സിനിമയായ വിക്ടോറിയ നിരവധി ദേശീയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ താരമായി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു.

മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ഒരു ബ്യൂട്ടീപാർലർ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിം​ഗും നിർവഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫിപ്രസി പുരസ്ക്കാരത്തിന് പുറമേ മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക,ഛായാ​ഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.

Tags