'ഞാൻ ജീവിക്കുന്നത് മുൻ ഭർത്താക്കൻമാർ നൽകിയ ജീവനാംശം കൊണ്ടല്ല'; ചാഹതിനോട് ഉർഫി
8uyt

ഫാഷനില്‍ ആരും പരീക്ഷിക്കാത്ത സ്റ്റൈലുകള്‍ കൊണ്ടുവരാറുള്ള ടെലിഷന്‍ താരവും മോഡലുമാണ് ഉര്‍ഫി ജാവേദ്. ഈ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട് ഉര്‍ഫി. അമിതമായ ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ഉര്‍ഫി നേരിടാറുള്ള പ്രധാന വിമര്‍ശനം.

സാമൂഹികമാധ്യമങ്ങള്‍ക്കുപുറമെ സെലിബ്രിറ്റികളും ഉര്‍ഫിയുടെ വസ്ത്രരീതികളെ വിമര്‍ശിച്ച് പലപ്പോഴും രംഗത്തെത്താറുണ്ട്. ഇത്തവണ ഉര്‍ഫിയെ വിമര്‍ശിച്ച് മറ്റൊരു ടെലിവിഷന്‍ താരമായ ചാഹത് ഖന്നയാണ് രംഗത്തെത്തിയത്. എന്നാല്‍ ഇത് അല്‍പം കടന്നുപോയി.

തരംതാണ പ്രവൃത്തികളിലൂടെ പ്രശസ്തി നേടിയെടുക്കാനാണ് ഉര്‍ഫിയുടെ ശ്രമമെന്നും ഇതെല്ലാം വാര്‍ത്തയാകുന്നത് ഖേദകരമാണെന്നുമായിരുന്നു ചാഹതിന്റെ വിമര്‍ശനം. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉര്‍ഫിയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ചാഹത് ഈ വാക്കുകള്‍ കുറിച്ചത്.

അള്‍ട്രാ മോഡേണ്‍ വസ്ത്രത്തില്‍ റോഡില്‍ നില്‍ക്കുന്ന ഉര്‍ഫിയുടെ ചിത്രമാണ് ചാഹത് പോസ്റ്റ് ചെയ്തത്. ' ആരെങ്കിലും റോഡില്‍ ഇത്തരം ഡ്രസ്സ് ധരിച്ച് നില്‍ക്കുമോ? ആരെങ്കിലും അവരുടെ വസ്ത്രം മാറ്റിയാല്‍ മീഡിയ അവരെ സെലിബ്രിറ്റി ആക്കുമോ? തരംതാണ പ്രവൃത്തിയിലൂടെ പ്രശസ്തി നേടിയെടുക്കാന്‍ എളുപ്പമാണ്. ഇതാണ് നിങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറുന്നത്. വളരെ സങ്കടകരമായ കാര്യമാണിത്. ദൈവം നിങ്ങള്‍ക്ക് കുറച്ചെങ്കിലും ബുദ്ധി നല്‍കട്ടെ.' ഇന്‍സ്റ്റാ സ്റ്റോയില്‍ ചാഹത് കുറിച്ചു.

എന്നാല്‍ ഈ വാക്കുകള്‍ ഉര്‍ഫിക്ക് അത്ര ദഹിച്ചില്ല. ചുട്ടമറുപടിയുമായി താരം രംഗത്തെത്തി. സ്വന്തം പണം കൊണ്ടാണ് താന്‍ ജീവിക്കുന്നതെന്നും മുന്‍ഭര്‍ത്താക്കന്‍മാര്‍ നല്‍കിയ ജീവനാംശം കൊണ്ടല്ല എന്നുമായിരുന്നു ഉര്‍ഫിയുടെ മറുപടി. 'ചാഹത് ഖന്ന, നിങ്ങളുടെ ജീവിതത്തില്‍ വിധി പറയാന്‍ ഞാന്‍ വന്നിട്ടില്ല. എന്തുകൊണ്ടാണ് ഈ ആന്റിമാര്‍ എനിക്കെതിരെ വരുന്നതെന്ന് മനസിലാകുന്നില്ല.' ഉര്‍ഫി ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു. ഒപ്പം ചാഹതിന്റെ ഗ്ലാമറസ് ചിത്രങ്ങളും ഉര്‍ഫി സ്റ്റോറിയാക്കി.'ഇത്തരം ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതും ലോകം മുഴുവന്‍ കാണുന്നതും നിങ്ങള്‍ക്കു പ്രശ്്‌നമല്ല. നിങ്ങള്‍ക്ക് എന്നോട് അസൂയയാണ്. നിങ്ങളെ മകളെക്കുറിച്ചോര്‍ത്ത് വിഷമം തോന്നുന്നു. ഇങ്ങനെ ഒരു അമ്മയെ ആണല്ലോ അവള്‍ക്കു ലഭിച്ചത്.'-ഇതായിരുന്നു ചാഹതിന്റെ ചിത്രത്തിനൊപ്പം ഉര്‍ഫി കുറിച്ചത്.

'ബഡേ അച്ചേ ലഗ്‌തേ ഹേ' എന്ന സീരിയലിലൂടെ പ്രശസ്തയായ വ്യക്തിയാണ് ചാഹത് ഖന്ന. കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് ചാഹതിന്റെ പേര് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുകേഷിനെ ജയിലില്‍ സന്ദര്‍ശിച്ച നാല് നടിമാരില്‍ ഒരാളാണ് ചാഹത്.

Share this story