കരാർ ലംഘിച്ച് സിനിമകൾ ഒ.ടി.ടിയിൽ; വ്യാഴാഴ്ച മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റർ ഉടമകൾ

theatre

കരാർ ലംഘിച്ച് സിനിമകൾ ഒ.ടി.ടിയിൽ നൽകുന്നതിൽ പ്രതിഷേധിച്ച്  ഫെബ്രുവരി 22  മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടന. തിയറ്റർ ഉടമകളുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

തിയറ്ററില്‍ എത്തി 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ സിനിമ ഒ.ടി.ടിക്ക് നല്‍കുകയുള്ളു എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കുന്നതാണ്. ഇത് പലതവണയായി പല നിര്‍മ്മാതാക്കളും ലംഘിച്ച് സിനിമ ഇറങ്ങിയ ഉടൻ തന്നെ ഒ.ടി.ടിക്ക് കൊടുക്കുന്നു. ഇത് തിയറ്ററുടമകള്‍ക്ക് നഷ്ടം ഉണ്ടാക്കുന്നു- ഫിയോക് ഭാരവാഹികള്‍ വ്യക്തമാക്കി.

റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറക്കണമെന്നും തിയറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. അതേസമയം, സിനിമ റിലീസ് നിർത്തിവെക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി

Tags