ദുൽഖർ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്കറി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

lucky bhaskar

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്കറി'ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് ആഗോള റിലീസായി എത്തുന്നത്. 

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഒരു ഗാനവും ടീസറും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. 

1980-1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും, കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്.

ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പൻ ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.