വെങ്കട് പ്രഭു ചിത്രം ‘ദി ഗോട്ടി’ല്‍ വിജയ്‌ക്കൊപ്പം തൃഷയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

trisha

വെങ്കട് പ്രഭു സംവിധാനം ചെയുന്ന വിജയ് ചിത്രം ‘ദി ഗോട്ടി’ല്‍ തൃഷയും ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കാമിയോ വേഷത്തിലാണ് തൃഷ ചിത്രത്തില്‍ എത്തുന്നത്. തൃഷയുടെ രംഗങ്ങള്‍ ഇതിനോടകം തന്നെ ചിത്രീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അജിത്ത് നായകനായ ‘മങ്കാത്ത’ ആയിരുന്നു തൃഷ വെങ്കട് പ്രഭു സംവിധാനത്തില്‍ അഭിനയിച്ച അവസാന ചിത്രം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൃഷ വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നത്.

ദി ഗോട്ടിന്റെ ചിത്രീകരണം 50 ശതമാനം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയിലും ഇസ്താംബുളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ പൂര്‍ത്തിയാകുമെന്നാണ് അഭ്യൂഹങ്ങള്‍. ഈ വര്‍ഷം രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. വിഎഫ്എക്‌സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുക. ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‌യെ ചെറുപ്പമാക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. മാനാടിന് ശേഷമുള്ള വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
 

Tags