ഇനി മാറ്റമില്ല,' തങ്കലാൻ' ജൂണിൽ തന്നെയെത്തും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ്

Thangalaan

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' ജൂണിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ധനഞ്ജയൻ. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെച്ചതിന് പിന്നാലെയാണ് തീയതി സംബന്ധിച്ച് ആരാധകർക്ക് ഉറപ്പുമായി നിർമ്മാതാവ് രംഗത്തെത്തിയത്.

അതേസമയം ഈ വാരം റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ഈ മാസാവസാനം രാജ്യത്തെ വിവിധ നഗരങ്ങളിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി നടക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാ രഞ്ജിത്ത് തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രം ബ്രിട്ടിഷ്‌ ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്.