ലൈംഗികാരോപണക്കേസ്; സ്ക്വിഡ് ഗെയിം താരം കുറ്റകാരൻ എന്ന് കോടതി

su

യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്ക്വിഡ് ഗെയിം താരം ഓ യൂങ് സൂ കുറ്റക്കാരനെന്ന് പ്രാദേശിക കോടതി. 2017-ൽ നടന്ന സംഭവത്തിൽ സിയോളിലെ സിയോങ്‌നാമിലെ ഒരു ജില്ലാ കോടതിയാണ് ഓ യൂങ് സൂ കുറ്റക്കാരനാണെന്ന് വിധിച്ചത്. എട്ട് മാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് ശിക്ഷ നൽകിയിരിക്കുന്നത്.

2021 ഡിസംബറിലാണ് 78 കാരനായ ഓ യൂങ് സൂവിനെതിരെ യുവതി പരാതിയുമായി രംഗത്തെത്തിയത്. 2017ൽ നടൻ സമ്മതമില്ലാതെ കെട്ടിപ്പിടിക്കാനും കവിളിൽ ചുംബിക്കാനും ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ അഭ്യർത്ഥനയെ തുടർന്ന് നടന്ന പുനരന്വേഷണത്തിലാണ് സൂവിനെതിരെയുള്ള തെളിവുകൾ ലഭിച്ചത്.

കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിരുന്നു. 50 വർഷമായി അഭിനയ രംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്ക്വിഡ് ​ഗെയിം പരമ്പരയിലൂടെയാണ്. സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. 2022 ൽ സീരീസിലൂടെ ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ കൊറിയൻ അഭിനേതാവായും സൂ മാറിയിരുന്നു.