ആരാധകരാണ് ശക്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായുള്ള പരാതിയിൽ പ്രതികരിച്ച് സിദ്ധാര്‍ഥ്

sidarth

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായുള്ള പരാതിക്കു പിന്നാലെ പ്രതികരണവുമായി താരം രംഗത്ത്. ആരാധകരാണ് എന്ന് അവകാശപ്പെട്ട് പണത്തിനായി തട്ടിപ്പുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഈ  സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഞാനോ എന്റെ കുടുംബമോ ടീമോ പിന്തുണയയ്‍ക്കുന്നില്ലെന്ന് ഉറപ്പ് നല്‍കാൻ ആഗ്രഹിക്കുന്നുവെന്നും താരം വ്യക്തമാക്കി. സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പിലൂടെയാണ് തന്റെ നിലപാട് സിദ്ധാര്‍ഥ് മല്‍ഹോത്ര വ്യക്തമാക്കിയത്.

യു.എസില്‍ ജീവിക്കുന്ന മിനൂ വാസുദേവന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സിദ്ധാര്‍ഥിന്റെ പേരിലുള്ള ഫാന്‍ പേജ് അഡ്മിന്മാരായ അലീസ, ഹുസ്‌ന പര്‍വീണ്‍ എന്നിങ്ങനെ രണ്ടുപേരാണ് താരത്തെ കുറിച്ച് കഥകളുണ്ടാക്കി പണം തട്ടിയതെന്നാണ് ആരോപിച്ചത്. ഭാര്യ കിയാര അദ്വാനി കാരണം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവിതം അപകടത്തിലാണെന്ന് പേജ് അഡ്മിന്മാര്‍ അവകാശപ്പെട്ടു. താരത്തിനെതിരെ കിയാര ആഭിചാരക്രിയകള്‍ ചെയ്തു. കിയാര സിദ്ധാര്‍ഥിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിലെത്തിയതെന്നുമെല്ലാം ഇവര്‍ പറഞ്ഞിരുന്നതായി യുവതി ആരോപിച്ചു.

സിദ്ധാര്‍ഥിനെ രക്ഷിക്കാനെന്നു പറഞ്ഞ് അലീസ പണം വാങ്ങി. നടന്റെ പി.ആര്‍ സംഘത്തില്‍പെട്ടയാളെന്നു പറഞ്ഞ് ദീപക് ദുബേ എന്ന പേരിലുള്ള ഒരാളെയും കിയാരയുടെ പി.ആര്‍ ടീമില്‍പെട്ട രാധിക എന്നയാളെയും പരിചയപ്പെടുത്തുകയും ചെയ്തു. നടനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിന് ഓരോ ആഴ്ചയും പണം നല്‍കി. ആകെ 50 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്ന് മിനൂ വസുദേവ അവകാശപ്പെട്ടു. സിദ്ധാര്‍ഥിനെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലായിരുന്നു യുവതിയുടെ പോസ്റ്റ്. 

അതേസമയം ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും   സംശയാസ്‍ദമായ അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ അധികാരികളെ തന്നെ ധരിപ്പിക്കണമെന്നും ആരാധകരാണ് ശക്തി എന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭ്യര്‍ഥിച്ചു.