ഞെട്ടിക്കുന്ന 'ഡീയസ് ഈറേ': ഫിലിം റിവ്യൂ

Dies irae Review
Dies irae Review

ഭാര്‍ഗ്ഗവീനിലയം പോലുള്ള മികച്ച ഹൊറര്‍ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ജോണറിനോട് നീതി പുലര്‍ത്തിയ സിനിമകള്‍ വിരളമാണ്.

ട്രൂ ക്രിട്ടിക്

ലോകമെമ്പാടും ഹൊറര്‍ സിനിമകള്‍ക്ക് ആരാധകരുണ്ട്. മുന്‍കാലങ്ങളിലെല്ലാം മലയാളത്തില്‍ ധാരാളം ഹൊറര്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും, അതില്‍ മിക്കവയും ഹൊറര്‍ എന്ന ജോണറില്‍ മാത്രം നില്‍ക്കാതെ കോമഡി സീനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തുള്ള ഒരുതരം ജോണര്‍ മിക്‌സ് ആയിരുന്നു. ഭാര്‍ഗ്ഗവീനിലയം പോലുള്ള മികച്ച ഹൊറര്‍ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ജോണറിനോട് നീതി പുലര്‍ത്തിയ സിനിമകള്‍ വിരളമാണ്.

tRootC1469263">

ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ നമ്മുടെ സിനിമാ മേഖലയിലെ ഒരു ഗെയിം ചേഞ്ചര്‍ ആണ് രാഹുല്‍ സദാശിവന്‍. ആദ്യ സിനിമയായ 'റെഡ് റെയിന്‍' ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും കോവിഡ് കാലത്ത് പുറത്തുവന്ന 'ഭൂതകാലം', പിന്നീട് മമ്മൂട്ടി നായകനായി എത്തിയ 'ഭ്രമയുഗം' എന്നിവയെല്ലാം ഹൊറര്‍ എന്ന ജോണറിനെ മലയാളത്തില്‍ കൃത്യമായി അടയാളപ്പെടുത്തിയ സൃഷ്ടികളാണ്. അവയോട് ചേര്‍ത്തുവയ്ക്കാവുന്ന വിധത്തില്‍ തന്നെയാണ് തന്റെ പുതിയ സിനിമയായ 'ഡീയസ് ഈറെ' രാഹുല്‍ ഒരുക്കിയിട്ടുള്ളത്.

                                           Dies irae Review

ട്രെയിലറില്‍ കണ്ടതുപോലെ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രോഹന്‍ എന്ന കഥാപാത്രം താമസിക്കുന്ന വീട്ടില്‍ ഏതോ ഒരു അദൃശ്യശക്തി എത്തുന്നതും, അത് അയാളുടെ ജീവിതത്തെ താറുമാറാക്കുകയും ചെയ്യുന്നതാണ് കഥാഗതി. ആ ശക്തി എന്താണെന്നും, എന്തിന് തന്നെ ആക്രമിക്കുന്നുവെന്നും കണ്ടെത്താനുള്ള രോഹന്റെ അന്വേഷണമാണ് ചിത്രം. ധാരാളം സസ്‌പെന്‍സ് ഘടകങ്ങള്‍ ഉള്ളതിനാല്‍ കഥയിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല.

ഹൊറര്‍ എന്ന ജോണറില്‍ മികച്ച കൈയടക്കം തനിക്കുണ്ടെന്ന് രാഹുല്‍ വീണ്ടും തെളിയിക്കുന്ന, സാങ്കേതികമായി മികച്ച് നില്‍ക്കുന്ന സിനിമയാണ് 'ഡീയസ് ഈറെ.' കാര്യങ്ങള്‍ വളരെ കൃത്യതയോടെ, സ്പൂണ്‍ ഫീഡ് ചെയ്യാത്തവിധം പറഞ്ഞുപോകുന്ന തിരക്കഥാരചന, സിനിമയെ ഏറെ ആസ്വാദ്യമാക്കുന്നുണ്ട്. ഒപ്പം മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, സൗണ്ട് മിക്‌സിങ്ങും കൂടിയാകുമ്പോള്‍ കഥാപാത്രങ്ങളുടെ നെഞ്ചിടിപ്പ് പ്രേക്ഷകരിലേയ്ക്കും പടരുന്നു.

                                         Dies irae Review

മുന്‍ ചിത്രങ്ങളില്‍ അഭിനയം പോര എന്ന് വിമര്‍ശനം കേട്ട പ്രണവ് മോഹന്‍ലാല്‍, ഏറെ നിയന്ത്രണത്തോടെയാണ് ചിത്രത്തിലെ രോഹന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡയലോഗ് ഡെലിവറി, ഭയപ്പാടോടെയുള്ള പെരുമാറ്റം എന്നിവയിലെല്ലാം തന്മയത്വമാര്‍ന്ന പ്രകടനം പ്രണവ് നടത്തിയിട്ടുണ്ട്. ഒപ്പം തന്നെ ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രകടനം കാഴ്ച വച്ച മറ്റ് രണ്ടുപേര്‍ ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് എന്നിവരാണ്. മികച്ച രീതിയില്‍ എഴുതപ്പെട്ട ഈ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടുള്ള പ്രകടനമാണ് മൂവരും നടത്തിയിട്ടുള്ളത്. അതില്‍ തന്നെ ജിബിന്‍ വളരെ നല്ല രീതിയില്‍ അഭിനയം കാഴ്ചവച്ചിരിക്കുന്നു.

                                            Dies irae Review

സാങ്കേതികരംഗത്ത് മേക്കപ്പിനെ നല്ല രീതിയില്‍ ഉപയോഗിച്ച ഒരു സിനിമ കൂടിയാണ് 'ഡീയസ് ഈറെ.' ഹൊറര്‍ സിനിമകളിലെ ക്ലീഷേ മേക്കപ്പുകളെ പൊളിക്കുന്ന തരത്തില്‍ അതിഗംഭീരമായാണ് പ്രോസ്തറ്റിക് മേക്കപ്പ് അടക്കമുള്ള കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹൊറര്‍ ജോണറില്‍ മലയാളത്തിന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന മികച്ച ചിത്രമാണ് 'ഡീയസ് ഈറെ.' ഇതില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് കൂടുതല്‍ മികച്ച ഹൊറര്‍ സിനിമകള്‍ ഇവിടെയുണ്ടാകട്ടെ എന്നും പ്രത്യാശിക്കുന്നു.

Tags