ഇന്ത്യന്‍ 2 സംഗീതം റഹ്മാന്‍ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി ഷങ്കര്‍

indian 2

കമല്‍ഹാസന്‍ ഷങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 12നാണ് ചിത്രം ലോകമെങ്ങും റിലീസിന് എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കിട്ട പ്രമോഷന്‍ ജോലികളിലാണ് കമല്‍ഹാസനും ഷങ്കറും എല്ലാം. ഏറ്റവും അവസാനം കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ ഇന്ത്യന്‍ 2 വിന്റെ പ്രമോഷന്‍ ഈവന്റ് നടന്നിരുന്നു. ഇവിടെ വച്ച് സംവിധായകന്‍ ഷങ്കര്‍ ചിത്രം സംബന്ധിച്ച ഒരു പ്രധാനപ്പെട്ട കാര്യം ആരാധകരുമായി പങ്കുവച്ചു.

 
1996 ല്‍ പ്രദര്‍ശനത്തിന് എത്തി വന്‍ വിജയം നേടിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇന്ത്യനിലെ പ്രധാന ആകര്‍ഷണം തന്നെ അതില്‍ എആര്‍ റഹ്മാന്റെ മ്യൂസിക് ആയിരുന്നു. ഇന്നും ഹിറ്റാണ് ഇന്ത്യനിലെ ഗാനങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ 2 എത്തിയപ്പോള്‍ അതില്‍ സംഗീതം ചെയ്യാന്‍ എആര്‍ റഹ്മാന്‍ ഉണ്ടായിരുന്നില്ല. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ഷങ്കര്‍ ഇപ്പോള്‍. 

എആര്‍ റഹ്മാന്‍ 2.0 എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് കമല്‍ഹാസനുമായി ചേര്‍ന്ന് ഇന്ത്യന്‍ 2 ഒരുക്കാന്‍ തീരുമാനിക്കുന്നത്. 2.0യുടെ പക്ഷിരാജന്റെ ആദ്യത്തെ ഗ്രാഫിക്‌സ് വര്‍ക്ക് എനിക്ക് ഇഷ്ടമായില്ല. അതിനാല്‍ അത് മാറ്റിചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ചിത്രവും അതിന്റെ റീറെക്കോഡിംഗും വൈകി. 

ഇതിനാല്‍ ജോലിഭാരം കൂടിയ റഹ്മാനോട് വീണ്ടും ഒരു പടത്തിന് സംഗീതം ചെയ്യുമോ എന്ന് ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി. അതിനാല്‍ മറ്റൊരു സംഗീത സംവിധായകനെ തേടി യുവാന്‍, ഹാരീസ് ജയരാജ് എല്ലാവരെയും ആലോചിച്ചാണ് ഒടുവില്‍ അനിരുദ്ധില്‍ എത്തിയത്. മികച്ച ഗാനങ്ങള്‍ തന്നെ അനിരുദ്ധ് നല്‍കിയിട്ടുണ്ട്  സിംഗപ്പൂരിലെ ഈവന്റില്‍ ഷങ്കര്‍ പറഞ്ഞു. 
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സംഗീതം നല്‍കിയിരിക്കുന്നത്

Tags