കുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് സംയുക്ത


മഹാകുംഭമേളയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രയാഗ്രാജിലേക്ക് തീർത്ഥാടകർ ഒഴുകിയെത്തുകയാണ് . ഇതിനോടകം കോടിക്കണക്കിന് പേർ പ്രയാഗ്രാജിലെത്തുകയും കുംഭമേളയിൽ പങ്കെടുക്കുകയും ചെയ്തു. വിവിധ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ലക്ഷക്കണക്കിന് സാധാരണക്കാരും ഒത്തുചേരുന്ന ആത്മീയസംഗമം കൂടിയാണ് കുംഭമേള. മഹാ കുംഭമേളയിൽ പങ്കെടുത്തതിന്റെ അനുഭവം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് യുവനടി സംയുക്ത.
ഗംഗാനദിയിൽ മുങ്ങിനിവരുന്ന ചിത്രങ്ങളാണ് സംയുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശാലമായി ജീവിതത്തെ നോക്കികാണുമ്പോഴാണ് അതിന്റെ അർത്ഥം വ്യക്തമാകുന്നതെന്ന് സംയുക്ത പറയുന്നു.
മോളിവുഡിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സംയുക്ത തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്. 2016ൽ പുറത്തിറങ്ങിയ ‘പോപ്കോൺ’ ആയിരുന്നു ആദ്യ സിനിമ. 2018ൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം തീവണ്ടിയിലൂടെ ജനശ്രദ്ധ നേടി. ‘ലില്ലി’യിലൂടെ ടൈറ്റിൽ കഥാപാത്രം ചെയ്തും നിരൂപക പ്രശംസ നേടിയിരുന്നു. ബൂമറാംഗ് എന്ന ചിത്രമാണ് നടി ഒടുവിൽ അഭിനയിച്ച മലയാള സിനിമ.