'വർഷങ്ങൾക്കു ശേഷ'ത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

varshangalkku shesham

പ്രണവ് മോഹൻലാലിനേയും ധ്യാൻ ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്ന ചിത്രത്തിൻറെ തമിഴ്നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് തമിഴിലെ വമ്പൻ കമ്പനികളിൽ ഒന്നായ ശക്തി ഫിലിം ഫാക്ടറി. റെക്കോർഡ് തുകയ്ക്കാണ് ശക്തി ഫിലിം ഫാക്ടറി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.