രജനികാന്ത് കാമിയോ വേഷത്തിലെത്തിയ ചിത്രം 'ലാൽസലാം' ഒടിടിയിലേക്ക്

lalsalaam

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം 'ലാൽസലാം' ഒടിടിയിലേക്ക്. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടത്. ഇതിനു പിന്നാലെയാണ് ലാൽസലാം ഉടൻ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മാർച്ച് ആദ്യവാരം നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. അതേസമയം ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒരു വാരം പിന്നിടുമ്പോൾ 15.7കോടി മാത്രമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഒരു ഗ്രാമത്തിൽ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് 'ലാൽ സലാം' പറയുന്നത്. രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷമിട്ടത്. വിഷ്‍ണു വിശാല്‍ തിരുവായും വേഷമിട്ടു. 

ലിവിംഗ്‍സ്‍റ്റണ്‍, വിഘ്‍നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ ഒരു അതിഥി വേഷത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപില്‍ ദേവും ഉണ്ട്.