പ്രേമലു താരത്തെ പ്രശംസിച്ച് രാജമൗലി

premalu

ഹൈദരാബാദ്: ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരുക്കിയ ‘പ്രേമലു’ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആഗോള ബോക്സോഫിസിൽനിന്ന് ഇതിനകം 90 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഹൈദരാബാദ് പശ്ചാത്തലമാക്കി റൊമാന്റിക്‌ കോമഡി എന്റര്‍ടൈനറായി ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം വൻ തുകക്ക് നേടിയെടുത്തത് ബാഹുബലി, ആർ.ആർ.ആർ ഉൾ​പ്പെടെയുള്ള വമ്പൻ ഹിറ്റുകൾ ഒരുക്കിയ തെലുങ്കിലെ സൂപ്പർ സംവിധായകൻ എസ്.എസ് രാജമൗലിയുടെ മകൻ എസ്.എസ് കാർത്തികേയയായിരുന്നു.

മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തെയും അതിലെ താരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ൽ രാജമൗലി. ഇതൊരു മുഴുനീള ചിരിയുത്സവമാണെന്ന് പറഞ്ഞ രാജമൗലി, ചിത്രത്തിലെ നായിക-നായകന്മാരായ റീനുവിനെയും സചിനെയും ഇഷ്ടപ്പെട്ടെന്നും  ത​ന്റെ ഫേവറിറ്റ് ‘ആദി’യാണെന്നും വെളിപ്പെടുത്തി. സിനിമയിൽ ആദി ഇടക്കിടെ ഉപയോഗിക്കുന്ന ‘ജസ്റ്റ് കിഡ്ഡിങ്’ എന്ന വാചകവും രാജമൗലി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഉപയോഗിച്ചിട്ടുണ്ട്.

‘കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്തതിൽ വളരെ സന്തോഷമുണ്ട്. മുഴുനീള ചിരിയുത്സവമാണത്. യുവതയുടെ ഭാഷയെ പൂർണമായി പകർത്തുന്നതിൽ എഴുത്തുകാരൻ മികച്ചുനിന്നു. ട്രെയിലർ കണ്ടപ്പോൾ തന്നെ റീനു എന്ന പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയിലെ സച്ചിൻ എന്ന പയ്യനും പ്രിയങ്കരനാണ്. എന്നാൽ, എനിക്കിഷ്ടപ്പെട്ടത് ആദിയെയാണ്. ജെ.കെ...ജസ്റ്റ് കിഡ്ഡിങ്’ -എന്നിങ്ങനെയായിരുന്നു രാജമൗലിയുടെ കുറിപ്പ്.

Tags