'ഫോഴ്‌സാ കൊച്ചി എഫ്.സി'; സൂപ്പര്‍ ലീഗ് കേരളയിലെ തന്റെ ടീമിന്റെ പേര് പ്രഖ്യാപിച്ച് പൃഥ്വിരാജ്

forca

കൊച്ചി: കേരളത്തിലെ പുതിയ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്‌സാ കൊച്ചി എഫ്.സി. എന്നാണ് ടീമിന് പേര് നല്‍കിയത്. കേരളത്തിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായിരിക്കുകയാണ് ഇതോടെ പൃഥ്വിരാജ്. 

'ഒരു പുതിയ അധ്യായം കുറിക്കാന്‍ ''ഫോഴ്‌സാ കൊച്ചി'' കാല്‍പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്‍ ഞങ്ങള്‍ കളത്തില്‍ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്‍, ഒരു പുത്തന്‍ ചരിത്രം തുടങ്ങാന്‍!', എന്ന് ടീമിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്‌ബോള്‍ ലീഗില്‍ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു. സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്ബോള്‍ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. 45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സെപ്റ്റംബര്‍ ആദ്യവാരം കിക്കോഫാകും.