അനന്ത് അംബാനിയുടെ വിവാഹം ; സർപ്രൈസുകളുടെ നിരയൊരുക്കി അംബാനി

anant ambani Marriage


അംബാനി കുടുംബത്തിലെ അടുത്ത ആഡംബര വിവാഹത്തിന് ഒരുങ്ങി ഗുജറാത്ത്. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും തമ്മിലുള്ള വിവാഹത്തിന് സാക്ഷിയാകാനെത്തുന്നത് സെലിബ്രേറ്റികളുടെ വമ്പൻ നിര. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ വിവാഹ ചടങ്ങിന് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് തുടങ്ങി പ്രമുഖരെത്തും. ഇവർക്കൊപ്പം ഷാരൂഖ് ഖാൻ അടക്കം ബോളിവുഡ് താരങ്ങളും പോപ് ഗായക സംഘവും അതിഥികളായുണ്ട്.

റിലയൻസിന്റെ കുടുംബ വേരുകളുറങ്ങുന്ന ഗുജറാത്തിലെ ജാംനഗർ താരവിവാഹത്തിനൊരുങ്ങിക്കഴിഞ്ഞു. ജൂലൈ 12 ന് നടക്കുന്ന വിവാഹത്തിനു മുന്നോടിയായുളള ചടങ്ങുകൾ മാത്രമാണിത്. ഭക്ഷണമൊരുക്കുന്നതിനായി പ്രശസ്തരായ ഇരുപത്തിയഞ്ച് പാചക വിദഗ്ദരാണെത്തുക. ഭക്ഷണത്തിന് തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി രുചിവൈവിധ്യം നിറയും. മൂന്നു ദിവസത്തെ പരിപാടിയ്ക്കായി  2500 വിഭവങ്ങളുടെ മെനു ആണ് ഒരുക്കിയത്.

റിഹാന, ജെ ബ്രൗൺ, ആഡം ബ്ളാക്ക് സ്റ്റോൺ തുടങ്ങി പോപ് ഗായകരൊരുക്കുന്ന സംഗീത വിരുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ വിവിധ രാഷ്ട്രത്തലവൻമാരും ചടങ്ങിനെത്തും. ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് ജാം നഗറിലെത്തുക. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഇരുവരുടെയും വിവാഹനിശ്ചയത്തിനെ വെല്ലുന്ന സജ്ജീകരണമാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്കായി ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾ പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹ ചടങ്ങുകളിലൊന്നിനാകും ഗുജറാത്ത് സാക്ഷ്യം വഹിക്കുക. 

Tags