അംഗരക്ഷകൻ തള്ളി മാറ്റിയ ആരാധകനെ ചേർത്തു പിടിച്ച് മാപ്പു പറഞ്ഞ് നാഗാർജ്ജുന

nagarjuna

കൊച്ചി: മുംബൈ വിമാനത്താവളത്തിൽ വച്ച് നടന്‍ നാഗാര്‍ജുനയുടെ അംഗരക്ഷകൻ വികലാംഗനായ ആരാധകനെ തള്ളിയിട്ട സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.സംഭവം വിവാദമായതിനു പിന്നാലെ താരം സമൂഹമാധ്യമങ്ങളിലൂടെ മാപ്പു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ ആരാധകനെ നേരിൽ കണ്ട് മാപ്പുപറഞ്ഞിരിക്കുകയാണ് താരം.  

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നാഗാർജുന മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ  വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മിട്ടി കഫേയിലെ ജീവനക്കാരന്‍ കൂടിയായ ഒരു വികലാംഗനായ ആരാധകന്‍ ഒരു സെൽഫിക്കായി ശ്രമിച്ചത്. ഉടൻ നാഗാർജുനയുടെ അംഗരക്ഷകൻ അയാളെ തടഞ്ഞുനിർത്തി തള്ളിയിടുകയായിരുന്നു. 

ഇതൊന്നും കാണാതെ നടന്‍ നടന്ന് പോവുന്നത് വിഡിയോയിൽ കാണാം. എന്നാൽ നാഗാര്‍ജുനയ്ക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ധനുഷ് ഇതൊക്കെ കണ്ടെങ്കിലും പ്രതികരിക്കാതെ പോയതും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സംവിധായകൻ ശേഖർ കമ്മുലയ്‌ക്കൊപ്പം ധനുഷിന്‍റെ വരാനിരിക്കുന്ന ചിത്രമായ കുബേരയുടെ ചിത്രീകരണത്തിനായിരുന്നു ഇരുവരും മുംബൈയില്‍ എത്തിയത്. 

അതേ സമയം ഇതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ നാഗാര്‍ജുന സംഭവത്തില്‍ ക്ഷമ ചോദിച്ച് എക്സ് പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ അടക്കം ഇട്ട പോസ്റ്റില്‍ “ഇത് എൻ്റെ ശ്രദ്ധയിൽ ഇപ്പോഴാണ് എത്തിയത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു, ഭാവിയിൽ അത് സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കും” എന്നായിരുന്നു നാഗര്‍ജുന തന്‍റെ എക്സ് അക്കൌണ്ടില്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് ആരാധകനെ നാഗാര്‍ജുന ഇപ്പോള്‍ നേരിട്ട് കണ്ടത്. നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല, ഞങ്ങള്‍ക്കാണ് തെറ്റ് സംഭവിച്ചത് എന്ന് അടക്കം പറഞ്ഞ് ആരാധകരെ നാഗാര്‍ജുന ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ട് .