‘സിനിമ കാണുന്നത് വ്യക്തി താത്പര്യം,വോട്ട് ചെയ്യുന്നത് കടമ' ; ടൊവിനോ തോമസ്

Tovino
സിനിമ കാണുന്നത് വ്യക്തി താല്‍പര്യവും എന്നാല്‍ വോട്ട് ചെയ്യുന്നത് കടമയുമാണെന്ന് ടൊവിനോ തോമസ്. കൊച്ചിയില്‍ നടന്ന ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ടൊവിനോ. വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രധാന്യം യുവ വോട്ടര്‍മാരില്‍ സൃഷ്ടിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

നഗര വോട്ടര്‍മാരുടെയും, ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയര്‍ത്തുക എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം തുടങ്ങിയത് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിന്നാണ്. തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടന്ന പരിപാടിയില്‍ സിനിമ താരം ടൊവിനോ തോമസ് മുഖ്യാതിഥിയായി. തിരക്കിലും വോട്ട് ചെയ്യാന്‍ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും, പുതിയ വോട്ടര്‍മാരും ആ അവകാശം നിറവേറ്റണമെന്നും ടൊവിനോ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതിദായക സത്യപ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ടൊവിനോ ചൊല്ലിക്കൊടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൌള്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ജില്ലകള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു.

Tags