മോഹൻലാൽ വിശ്വരൂപം കാണാൻ എത്തി : വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ തനിക്കായി നിർമിച്ച വിശ്വരൂപം അടുത്തയാഴ്ച ചെന്നൈയിലെ വീട്ടിലേക്ക്
MOHANLAL VISWAROOPAM

കോവളം: വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ തനിക്കായി നിർമിച്ച വിശ്വരൂപം ശില്പം കണ്ടു. ഇഷ്ടത്തോടെ ശില്പിയെയും ശില്പത്തെയും തന്റെ സ്വതസിദ്ധമായ ശൈലിയിൽ കെട്ടിപ്പിടിച്ച്‌ സന്തോഷത്തോടെ മോഹൻലാൽ മടങ്ങി. അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുമായാണ് നടൻ മടങ്ങിയത്.

മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുള്ള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരത്തിലുള്ള വിശ്വരൂപത്തിലുള്ളത്. മഹാഭാരത യുദ്ധം തുടങ്ങാനുള്ള സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പം തയ്യാറാക്കിയിട്ടുള്ളത്. നടന്റെ ആഗ്രഹപ്രകാരമായിരുന്നു കുമ്പിൾ തടിയിൽ ശില്പം പണിതത്. അരക്കോടി രൂപയാണ് ശില്പത്തിന്റെ വില.

വിദേശത്തുനിന്നെത്തിയ മോഹൻലാൽ ഞായറാഴ്ച രാവിലെ എട്ടോടെയാണ് തന്റെ ഇഷ്ടപ്രകാരം നിർമിച്ച ശില്പം കാണാനെത്തിയത്. ലോകത്തുള്ള എല്ലാവരും തനിക്കുവേണ്ടിയുള്ള ശില്പം പത്രമാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ‘അപ്പോ ഞാനും ഒന്നു കാണണ്ടേ’ മോഹൻലാൽ ചിരിച്ചുകൊണ്ട് ശില്പി വെള്ളാർ നാഗപ്പനോടു പറഞ്ഞു. തുടർന്ന് ശില്പത്തിനൊപ്പവും ശില്പിയെ കൂട്ടിയും ചിത്രങ്ങളെടുത്താണ് മടങ്ങിയത്.

ശില്പത്തിന്റെ മുന്നിലും പിന്നിലുമുള്ള ചെറുശില്പങ്ങളെയും എല്ലാം നോക്കിക്കണ്ടു. തന്റെ ഉള്ളുനിറഞ്ഞ ശില്പമെന്നായിരുന്നു വിശ്വരൂപത്തെക്കുറിച്ച് വിശേഷിപ്പിച്ചത്.

Share this story